കൊച്ചി: ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് വിശ്രമിക്കാൻ കേരള ഹൗസ് നിഷേധിച്ചത് ദ്രോഹമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു. സ്‌പ്രിൻക്ളർ കരാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് തനിക്കെതിരെ കേസെടുത്തെങ്കിലും പിന്മാറില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിക്കുശേഷം നിരീക്ഷണത്തിൽ കഴിയാൻ ഡൽഹി കേരള ഹൗസ് അനുവദിക്കണമെന്നന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. മൂന്നു പ്രധാന കെട്ടിടങ്ങളും അനക്സുമുണ്ടായിട്ടും നൽകാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. ഗുജറാത്ത് സർക്കാരാണ് മലയാളികൾക്ക് കെട്ടിടം നൽകിയത്.

സ്‌പ്രിൻക്ളർ കരാറിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ ആരോപണമുന്നയിച്ച തനിക്കെതിരെ വിവിധ വകുുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.