ചെന്നൈ: കൊവിഡ് വൈറസ് പരിശോധനയ്ക്കായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 24,000 ദ്രുത ടെസ്റ്റിംഗ് കിറ്റുകൾ തിരിച്ചു നൽകാനൊരുങ്ങി തമിഴ്‌നാട്. രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് -19 ദ്രുത ആന്റിബോഡി കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 24,000 ദ്രുത ടെസ്റ്റ് കിറ്റുകൾ തിരികെ നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. ഐ.സി.എം.ആർ ഉത്തരവ് പ്രകാരം തമിഴ്‌നാട് സർക്കാരിന് ലഭിച്ച 24,000 കിറ്റുകളും മടക്കിനൽകുന്നുവെന്ന് ആരോഗ്യമന്ത്രി സി വിജയ ബാസ്കർ പ്രസ്താവനയിൽ പറഞ്ഞു. ബാക്കി എല്ലാ ഓർഡറുകളും റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്വാങ്ചൗവിലെ വോണ്ട്ഫോ ബയോടെക്, ജൂഹായ് ലിവ്‌സൻ ഡയഗ്‌നോസ്റ്റിക്സ് എന്നീ കമ്പനികളിൽനിന്നു വാങ്ങി സംസ്ഥാനങ്ങൾക്കു നൽകിയ കിറ്റുകൾ ഉപയോഗിക്കേണ്ടെന്നാണു നിർദേശം. പി.സി.ആർ പരിശോധനയിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗികളെ ചൈനീസ് കിറ്റ് ഉപയോഗിച്ച് വീണ്ടും പരിശോധിച്ചപ്പോൾ രോഗം ഇല്ല എന്ന് കാണിക്കുന്ന നെഗറ്റീവ് ഫലമാണ് കിട്ടിയത്.