മുംബയ് : റെക്കോർഡുകളുടെ തോഴനാണ് സച്ചിൻ. ചില്ലറയൊന്നുമല്ല ഈ ഇതിഹാസ താരത്തിന്റെ റെക്കോർഡ് പട്ടികയിലുള്ള നേട്ടങ്ങളെന്ന് നമുക്കറിയാം. എന്നാൽ, ഒറ്റ മിനിറ്റിന്റെ വ്യത്യാസത്തിൽ സച്ചിന് ഒരു റെക്കോർഡ് തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും അധികം സമയം ബാറ്റ് ചെയ്‌തെന്ന ഖ്യാതിയാണ് അത്. തട്ടിയെടുത്തത് മറ്റാരുമല്ല. ന്യൂസിലാന്റ് നായകൻ കെയിൻ വില്യംസൺ.
2019 ലെ ലോകകപ്പിലാണ് ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ വില്യംസൺസച്ചിനിൽ നിന്നും ആ റെക്കോർഡ് സ്വന്തമാക്കിയത്. 1,131 മിനിറ്റ് ബാറ്റ് ചെയ്താണ് സച്ചിനെ പിന്നിലാക്കിയത്. സൗത്ത് ആഫ്രിക്കയിൽ 2003ൽ നടന്ന ലോകകപ്പിലായിരുന്നു സച്ചിന്റെ ഈ റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തത്. 2019 ലെ ലോകകപ്പ് വില്യംസണിനേയും ന്യൂസിലൻഡിനേയും സംബന്ധിച്ച് ഏറെ നേട്ടങ്ങളുണ്ടാക്കിയ ടൂർണമെന്റായിരുന്നു.
ടീമിനെ മുന്നിൽനിന്നും നയിച്ച വില്യംസൺ 82.57 റൺസ് ശരാശരിയിൽ 578 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ച്വറിയും അത്രതന്നെ അർദ്ധശതകവും നേടിയ വില്യംസൺ തന്നെയാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്‌കോററും. ടീമിനെ ഫൈനലിലെത്തിച്ച വില്യംസണ് പക്ഷേ, ഇംഗ്ലണ്ടിനെ കീഴടക്കി ചാമ്പ്യന്മാരാകാൻ കഴിഞ്ഞില്ല. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരം സമനിലയിലായതിനെ തുടർന്ന് ഇംഗ്ലണ്ടിനെ ബൗണ്ടറികളുടെ എണ്ണത്തിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.