കൊച്ചി: അയൽ ജില്ലയായ കോട്ടയത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ, ജില്ലാ അതിർത്തി അടച്ച് പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ഇന്നലെയാണ് ജില്ലാ അതിർത്തി അടച്ച് പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടത്. നിലവിൽ, ഇവിടം ബാരിക്കേഡുകൾ വച്ച് അടച്ച് നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുന്നില്ല. അതേസമയം, എറണാകുളം ജില്ലയിൽ ആകെ ചികിത്സയിലുള്ളത് ഒരേയൊരു കൊവിഡ് ബാധിതൻ മാത്രമാണ്. എറണാകുളം സ്വദേശിയായ ഇയാളുടെ ആരോഗ്യനില നില തൃപ്തികരമാണ്. 20 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ജില്ലയിൽ പുതുതായി 130 പേരെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 442 ആയി.
ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഒരുമാസത്തോളമായി വിജനമായിരുന്ന നഗരം വീണ്ടും സജീവമായി. നഗരത്തിനുള്ളിലെ പ്രധാന കച്ചവടകേന്ദ്രമായ എറണാകുളം മാർക്കറ്റിലും ബ്രോഡ് വേയിലും കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ആഴ്ചയായി ജില്ലയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും കൂടുതൽ അളുകൾ പുറത്തിറങ്ങുന്നതിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ അനുസരിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളും നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. ഇത്തരക്കാരെ പൊലീസ് താക്കീത് ചെയ്ത് പലയിടങ്ങളിലും തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെയും സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാർ താക്കീത് ചെയ്യുന്നുണ്ട്.
എം.ജി റോഡ്, മേനക ജംഗ്ഷൻ, എറണാകുളം മാർക്കറ്റ്, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി തുടങ്ങിയ മേഖലകളിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ജാഗ്രതയ്ക്കും പരിശോധനയ്ക്കും ഒരു കുറവും പൊലീസും ജില്ലാ ഭരണകൂടവും വരുത്തിയിട്ടില്ല. ഇന്നലെ ജില്ലയിൽ നിരവധി നിയമലംഘനം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ഇന്നലെ മാത്രം 199 പേരെ അറസ്റ്റ് ചെയ്തു. 228 കേസുകളിൽ നിന്നായി 106 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പരിധിയിൽ 113 കേസുകളിൽ നിന്നായി 123 പേരെ അറസ്റ്റ് ചെയ്തു. 45 വാഹനങ്ങളും പിടിച്ചെടുത്തു. എറണാകുളം റൂറലിൽ 115 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 76 പേരെ അറസ്റ്റ് ചെയ്യുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.അതിനിടെ മാസ്‌ക് വയ്ക്കാതെ യാത്ര ചെയ്തതിന് ജില്ലയിൽ 64 പേർക്കെതിരെ കേസെടുത്തു. സിറ്റിയിലും റൂറലിലും 32 കേസ് വീതമാണ് എടുത്തിട്ടുള്ളത്.