കൊച്ചി: അതിർത്തി പങ്കിടുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ കൊവിഡ് രോഗികൾ വർദ്ധിച്ചതോടെ എറണാകുളത്ത് ജാഗ്രത ശക്തമാക്കി. രണ്ടു ജില്ലകളുടെയും അതിർത്തികൾ അടച്ചുപൂട്ടി ജില്ലയ്ക്കകത്തേയ്ക്കും പുറത്തേക്കും ജനങ്ങളും വാഹനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചെങ്കിലും രോഗവ്യാപനത്തിന് സാദ്ധ്യത നിലനിൽക്കുകയാണ്. ജില്ലാ അതിർത്തികളിൽ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങുന്നത് തടഞ്ഞ് നിരീക്ഷണം ശക്തമാക്കി.
രോഗികൾ വീടുകളിലേക്ക് മടങ്ങിയതോടെ ഗ്രീൻ സോണിലെത്തി ദിവസങ്ങൾ കഴിയും മുമ്പാണ് ഇടുക്കിയിലും കോട്ടയത്തും പുതിയ രോഗബാധ സ്ഥിരീകരിച്ചത്. ആരിൽ നിന്ന് രോഗം പകർന്നെന്ന് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് എറണാകുളത്തും ആശങ്ക പെരുകിയത്. ഇളവുകളുണ്ടെങ്കിലും അതിർത്തി മേഖലകളിൽ കർശനമായ നിയന്ത്രണം തുടരാൻ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ തൊടുപുഴയിലാണ്. ഒരാൾ നഗരസഭാ കൗൺസിലറും മറ്റൊരാൾ നഴ്സുമാണ്. ഇത് തൊടുപുഴ മേഖലയെ ആശങ്കയിലാക്കി. തൊടുപുഴ നഗരസഭയുടെ അതിർത്തി എറണാകുളം ജില്ലയിലെ അച്ചൻകവലയാണ്. തൊടുപുഴ ടൗണിൽ നിന്ന് മൂന്നുകിലോമീറ്ററോളം അടുത്താണ് എറണാകുളം ജില്ലാ അതിർത്തി. വാഴക്കുളം, കദളിക്കാട് മേഖലയിലുള്ളവർ ആശ്രയിക്കുന്നത് തൊടുപുഴയെയാണ്. ചികിത്സാ ആവശ്യങ്ങൾക്കും തൊടുപുഴ ജില്ലാ സർക്കാർ ആശുപത്രിയിൽ ഉൾപ്പെടെയാണ് എത്തുന്നത്.
രണ്ടു ജില്ലകളെ തൊട്ട് കൂത്താട്ടുകുളം
റെഡ് സോണിലുള്ള കോട്ടയവും ഇടുക്കിയുമായും കൂത്താട്ടുകുളത്തിന് അടുപ്പമുണ്ട്. പട്ടണത്തിൽ നിന്ന് അധികം ദൂരെയല്ല കോട്ടയം ജില്ലയുടെ പ്രദേശങ്ങൾ. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശവുമാണ് കൂത്താട്ടുകുളം. ഇതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സഞ്ചാരവും നിരോധിച്ചു
കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്കും തിരിച്ചും സഞ്ചരിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഇന്നലെ ഉത്തരവിട്ടു. അത്യാവശ്യഘട്ടങ്ങളിൽ ജില്ലാ അധികൃതർ നൽകുന്ന പാസ് ഉപയോഗിച്ചേ യാത്ര അനുവദിക്കൂ. ഭക്ഷ്യവസ്തുക്കളും മരുന്നുമുൾപ്പെടെ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇളവുകൾ നൽകും.
അതിർത്തിയിലെ പഞ്ചായത്തുകൾ
ആരക്കുഴ, ആവോലി, ഇലഞ്ഞി, കവളങ്ങാട്, മഞ്ഞള്ളൂർ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, കല്ലൂർക്കാട്, ആരക്കുഴ, പാലക്കുഴ, കൂത്താട്ടുകുളം