കോലഞ്ചേരി: തുടർച്ചയായി ശക്തമായ വേനൽ മഴ ലഭിച്ചതോടെ ലോക്ക് ഡൗൺ മാറ്റിവെച്ച് കൃഷിയിറക്കാനൊരുങ്ങി കർഷകർ. മഴ ലഭിച്ച് വിത്തിറക്കാൻ പാകമായ മണ്ണിൽ ഇഞ്ചി, കപ്പ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഹ്രസ്വകാല വിളകളിറക്കാനുള്ള തിരക്കിലാണ് കർഷകർ. മുൻകാലങ്ങളെ അപേക്ഷിച്ച് പച്ചക്കറിക്കൃഷിയും വ്യാപകമാവുകയാണ്. ലോകമാകെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഭക്ഷ്യധാന്യത്തിനടക്കം ക്ഷാമം നേരിടാൻ സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവിൽ കൂടുതലാളുകൾ കൃഷിയിലേക്ക് തിരിയുന്നു. ഇതിനിടയിൽ വേനൽമഴയെത്തിയത് കർഷകർക്ക് ആശ്വാസമായി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിച്ച പച്ചക്കറിവിത്തുകളും
മറ്റുമുപയോഗിച്ച് ചുരുങ്ങിയ സ്ഥലമുള്ളവർ പോലും അടുക്കളത്തോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
#വീട്ടിലെ കൃഷി
വീടിനു ചുറ്റും അൽപമെങ്കിലും സ്ഥലമുള്ളവർക്ക് ഒന്ന് മനസുവെച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാം.ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം കീട രോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവക്കെല്ലാം നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
#മട്ടുപ്പാവിലെ കൃഷി
ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കിൽ ജൈവ പച്ചക്കറി കൃഷി ഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീൻ,സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗ ശൂന്യമായ ടയറിലും കൃഷി ചെയ്യാം. കൈവരിയോട് ചേർന്ന് അടിയിൽ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികൾ വെക്കണം. ഇഷ്ടിക അടുക്കി അതിനു മുകളിൽ ചട്ടികൾ വെക്കുന്നതാണ് ഉചിതം.