prasad-sherli
പ്രൊഫ. എം കെ പ്രസാദ്‌ ഭാര്യ ഷേര്‍ളി എന്നിവര്‍ ദുരിതാശ്വാസനിധിയിലേക്ക് ചെക്ക് കൈമാറുന്നു

വൈപ്പിൻ : പ്രൊഫസർ ദമ്പതികളായ എം.കെ പ്രസാദും ഷെർളി ചന്ദ്രനും ജീവിതത്തിൽ ഒരുമിച്ചിട്ട് 58 വർഷം തികഞ്ഞു ഇന്നലെ. ലോക്ക് ഡൗൺ ആയതിനാൽ ആഘോഷമൊന്നുമുണ്ടായില്ല. ഐ.ടി ഉദ്യോഗസ്ഥനായ ഇവരുടെ മൂത്തമകൻ അമൽ വിദേശത്താണ്. ഇളയമകൾ അഞ്ജന കുടുംബസമേതം പനമ്പിള്ളി നഗറിലും. എങ്കിലും നാടിനെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ദമ്പതികൾ. ഗിരിനഗറിലെ പ്രൊഫ. പ്രസാദിന്റെ വസതിയിലെത്തി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ ചെക്ക് സ്വീകരിച്ചു.

പോരാട്ടവീര്യം കൈവിടാതെ

ചെറായി സ്വദേശിയായ പ്രൊഫ. എം.കെ. പ്രസാദ്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറായിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽമാരായി പ്രൊഫസർ പ്രസാദും ഭാര്യ ഷേർളിയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻസംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിന് സുപരിചിതനാണ് പ്രൊഫ. പ്രസാദ്‌. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും അദ്ദേഹം മുൻപന്തിയിലുണ്ട്. അച്ഛൻ പെരുമന കോരുവൈദ്യരിൽ നിന്നാണ് ഈ പോരാട്ടവീര്യം പകർന്നുകിട്ടിയത്. ചെറായിയിൽ 1917ൽ നടത്തിയ പ്രസിദ്ധമായ മിശ്രഭോജനത്തിൽ സഹോദരൻ അയ്യപ്പനോടൊപ്പം പങ്കെടുത്ത 11 പേരിൽ ഒരാളായിരുന്നു കോരുവൈദ്യർ. പുലയരോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന്റെ പേരിൽ സമുദായം ഭ്രഷ്ട് കൽപ്പിച്ചിട്ടും വൈദ്യർ സഹോദരനോടൊപ്പം ഉറച്ചുനിന്നു. അതേ വഴിയിലായിരുന്നു പ്രൊഫ. പ്രസാദും. കൊച്ചി കാൻസർ സെന്ററിനും എറണാകുളം മെഡിക്കൽ കോളേജിനും വേണ്ടിയുള്ള ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റിന്റെ ഭാഗമാണ് വിശ്രമജീവിതത്തിൽ പ്രൊഫ. പ്രസാദും ഭാര്യ ഷെർളിയും. യുക്തിവാദിയും കാർട്ടൂണിസ്റ്റുമായ എം.കെ. സീരി അനുജനാണ്.