പിറവം: നഗരസഭ 17 -ം വാർഡായ കല്ലുമട ഡിവിഷനിൽ ലോക്ക് ഡൗൺ കാലത്ത് മുഴുവൻ കുടുംബങ്ങൾക്കും താങ്ങായി വാർഡ് കൗൺസിലർ ഡോ. അജേഷ് മനോഹർ. മാർച്ച് 23 ന് ശേഷം മൂന്ന് ഘട്ടങ്ങളിലായാണ് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെയുള്ള കിറ്റുകൾ അജേഷിന്റെ നേതൃത്വത്തിൽ ഇവിടെ നൽകിയത്. ആദ്യഘട്ടത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി.രണ്ടാം ഘട്ടത്തിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച 50 കിറ്റുകൾക്കു പുറമേ നൂറോളം പേർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
മൂന്നാംഘട്ടത്തിൽ ഡിവിഷനിലെ 381 വീടുകളിലും പയർ, ബീൻസ്, തക്കാളി , പച്ചമുളക്, വെണ്ടയ്ക്ക , കാരറ്റ്, ബീറ്റ്റൂട്ട് , മാങ്ങ ഉൾപ്പെടെ പന്ത്രണ്ടോളം പച്ചക്കറികൾ അടങ്ങിയ കിറ്റുകൾ വിതരണം പൂർത്തിയായി. 2500 കിലോഗ്രാം പച്ചക്കറികളാണ് ഇതിനായി വേണ്ടി വന്നത്. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മുളക്കളം എസ്.എൻ.ഡി,പി ഹാളിൽ വെച്ച് പാക്ക് ചെയ്ത് വാർഡിലെ മുഴുവൻ പ്രദേശങ്ങളിലും കൊണ്ടുപോയി അവരുടെ തന്നെ സഹായത്തോടെ ആയിരുന്നു വിതരണം.നഗരസഭയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന്റെ അടി നിലയിൽ പ്രവർത്തിച്ചിരുന്ന സമൂഹ അടുക്കളയ്ക്കും ഇപ്പോഴത്തെ ജനത കിച്ചനും ആവശ്യമായ സാധനങ്ങൾ കൗൺസിലർ എത്തിക്കുന്നുണ്ട്.