വൈപ്പിൻ : ശ്വാസകോശ സംബന്ധമായ അസുഖത്താൽ വിഷമിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് കൊടിയന്തറവീട്ടിൽ ശിവദാസന് മുനമ്പം ജനമൈത്രി പൊലീസ് തുണയായി. ചെറിയ വരുമാനം ലഭിച്ചിരുന്ന ലോട്ടറി വില്പന ലോക്ക് ഡൗണിനെത്തുടർന്ന് നിലക്കുകയും ഒപ്പം ഓക്‌സിജനും തീർന്നതോടെ ദുരിതത്തിലായിരുന്നു ശിവദാസൻ. രാത്രി ഒന്നുറങ്ങണമെങ്കിൽ പോലും ശിവദാസന് ഓക്‌സിജൻ സിലിണ്ടറിന്റെ സഹായം വേണം. മറ്റു മരുന്നുകൾ കൂടാതെ ഒരു മാസം രണ്ടു സിലിണ്ടർ ഓക്‌സിജൻ കൂടി വേണം. നാലു വർഷമായി ഉപയോഗിച്ചിരുന്ന നെബുലൈസറും തകരാറിലാണ്. അത് പൊതുപ്രവർത്തകൻ വി.എസ്. സോളിരാജ് വാങ്ങി നൽകിയതാണ്.
ജനമൈത്രി ഓഫീസറായ എ.എസ്.ഐ സിജുവും സി.പി.ഒ സുബീഷും പട്രോളിംഗിനിടയിലാണ് ശിവദാസന്റെ ദുരവസ്ഥ കേട്ടറിഞ്ഞ് വസതിയിൽ എത്തിയത്. പൊലീസ് ഉടൻ പോലീസ് വാഹനത്തിൽ തന്നെ പറവൂരിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ റീഫിൽചെയ്ത് എത്തിച്ചുനൽകി. മുനമ്പം സബ് ഇൻസ്‌പെക്ടർ വി.എസ്. മുരളീധരൻ സിലിണ്ടർ ശിവദാസന് കൈമാറി. ഓക്‌സിജൻ തീരുന്ന മുറയ്ക്ക് സിലിണ്ടർ എത്തിച്ചു കൊടുക്കുന്നതോടൊപ്പം പുതിയ നെബുലൈസർ വാങ്ങി നൽകാനും സോളിരാജ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.