കോലഞ്ചേരി: ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പൻസറുമായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യം നിർമ്മിച്ച ഉപകരണം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക് നല്കി. ആറെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നതായി കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ടി.എ വിജയൻ പറഞ്ഞു.
കളക്ടറേറ്റ്, എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ്, കടയിരുപ്പ് പ്രൈമറി ഹെൽത്ത് സെന്റർ, പെരുമ്പാവൂർ, മൂവാറ്റുപുഴ താലൂക്ക് ആശുപത്രികളിലേക്കുമാണ് ഇവ നല്കുന്നത്. കൊവിഡ് കാലത്ത് ആവശ്യമായ ആരോഗ്യ ഉപകരണങ്ങൾ നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങൾക്കുവേണ്ടി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി അധികൃതരെ സമീപിച്ചപ്പോഴാണ് ഇത്തരമൊരു ആശയം വിദ്യാർത്ഥികളുമായി പങ്ക് വച്ചത്. ചുരുങ്ങിയ നാളുകൾകൊണ്ട് സംവിധാനം പ്രാവർത്തികമായി.
സെൻസർ ഉപയോഗിക്കുന്നതിനാൽ കൈ അടുത്തെത്തുമ്പോൾ തന്നെ ഉപകരണം താനെ പ്രവർത്തിക്കും. ഒരാൾക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ വീണ ശേഷം നില്ക്കും. കൈ കൊണ്ട് സ്പർശിക്കാതെ തന്നെ വ്യക്തികൾക്ക് കൂടുതൽ സുരക്ഷയേകുന്ന സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.
കുറഞ്ഞ ചെലവിലാണെങ്കിലും ഏറെ ഉപകാര പ്രദമായ അണു വിമുക്ത സംവിധാനമുള്ള ഉപകരണം നിർമ്മിച്ചതിനു പിന്നിൽ കോളേജിലെ എസ്.എ.ഇ, ഐ.ഇ.ഡി.സി എന്നീ വിദ്യാർത്ഥി കൂട്ടായ്മകളാണ്. മാർഗ നിർദ്ദേശവുമായി മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. അരുൺ എൽദോസും കർമ്മ നിരതനാണ്. കോളേജ് മാനേജ്മെന്റിന്റെ ധന സഹായത്തോടെയാണ് നിർമ്മാണം.