കൊച്ചി : നാടാകെ കൊവിഡ് വൈറസിനെ പേടിച്ചിരിക്കുമ്പോൾ വെറുതെ ഇരിക്കാനാവില്ലെന്ന് തെളിയിക്കുകയാണ് സിനിമാ തൊഴിലാളികൾ. തൊഴിലാളി സംഘടന ഫെഫ്‌കയുടെ നേതൃത്വത്തിൽ മെസ്, ഡ്രൈവേഴ്സ്, കോസ്റ്റ്യൂം തുടങ്ങി വിവിധ യൂണിയനുകളുടെ കീഴിൽ ഭക്ഷണം ഉണ്ടാക്കൽ, വിതരണം, മാസ്ക് തുന്നൽ തുടങ്ങിയ സേവനങ്ങളുടെ തിരക്കിലാണവർ.

ഹ്രസ്വചിത്രം മുതൽ അന്നം വരെ

• ബ്രേക്ക് ദ ചെയ്ന് വേണ്ടി താരങ്ങളെ ഉൾപ്പെടുത്തി 9 ബോധവത്കരണ ചിത്രങ്ങൾ നിർമ്മിച്ചു.

• കൊവിഡ് സംശയിക്കുന്നവരെയും അല്ലാത്തവരെയും ആശുപത്രികളിലെത്തിക്കാൻ ജില്ല തിരിച്ച് 500 ഓളം ഡ്രൈവർമാരുടെ പട്ടിക സർക്കാരിന് നൽകി.

• കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയ സമയത്ത് കൊച്ചിയിൽ അന്നം പദ്ധതി ഫെഫ്‌ക ആരംഭിച്ചു.

• സിനിമയിലെ മെസ് തൊഴിലാളികൾ ഉണ്ടാക്കുന്ന ഭക്ഷണം, പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ പാക്ക് ചെയ്ത് ഡ്രൈവർമാർ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു.

• ഫെഫ്ക കോസ്റ്റ്യും യൂണിയന്റെ തയ്യൽതൊഴിലാളികൾ ഇപ്പോൾ മാസ്ക് നിർമ്മാണത്തിലാണ്. 2000 എണ്ണം ആരോഗ്യ പ്രവർത്തകർക്ക് നൽകി.

കരുതലായി കരുതൽ നിധി

ദുരിതമനുഭവിക്കുന്ന 2700 ഫെഫ്‌ക അംഗങ്ങൾക്ക് ഏപ്രിലിൽ 5000 രൂപ വീതവും 1500 രൂപയുടെ പർച്ചേസ് കൂപ്പണുകളും വിതരണം ചെയ്തു.

"സർക്കാരിന്റെ സന്നദ്ധ പ്രവർത്തനങ്ങളുമായി ഡ്രൈവർമാർ ഉൾപ്പെടെ ഫെഫ്‌ക അംഗങ്ങൾ സഹകരിക്കുന്നത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതു തന്നെ സംഘടനയ്ക്ക് ലഭിച്ച അംഗീകാരമാണ്."

ബി. ഉണ്ണികൃഷ്ണൻ

ഫെഫ്‌ക ജനറൽ സെക്രട്ടറി