പിറവം: നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പരിധികളിലും റാപ്പിഡ് ടെസ്റ്റ് നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ എം.എൽ.എ-യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്നും കൊവിഡ് അവലോകനയോഗത്തിന് ശേഷം എം.എൽ.എ പറഞ്ഞു. ആദ്യഘട്ടമായി പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടത്. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം. ആൾക്കൂട്ടം ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം.ഇതിനായി പൊലീസ് തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് പുറമേ പൊലീസ് പട്രോളിംഗ് കർശനമാക്കും.കോവിഡുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിർത്തി ജില്ലയായ കോട്ടയത്തെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് ബാധ സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എം.എൽ.എ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതിർത്തി പ്രദേശങ്ങളിലെ ഇട റോഡുകളിൽ പരിശോധന കർശനമാക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പിറവം നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്, വൈസ് ചെയർപേഴ്സൺ അന്നമ്മ ടോമി, പിറവം നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറക്കൽ, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.