ആലുവ: ആലുവ മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം നടപ്പാക്കുന്നതിനായി കച്ചവടക്കാർക്ക് നിർദ്ദേശങ്ങളുമായി ജനപ്രതിനിധികളും പൊലീസും. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മാർക്കറ്റിൽ നേരിട്ടെത്തി നിർദ്ദേശങ്ങൾ നൽകിയത്. നിർദേശം നടപ്പാക്കാൻ സഹകരിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടാൻ അധികൃതർ നിർബന്ധിതരാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.കെ. ചന്ദ്രൻ, ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർമാരായ എം.ടി. ജേക്കബ്, പി.സി. ആന്റണി, ട്രേഡ് യൂണിയൻ നേതാക്കളായ പി.എം. സഹീർ, പി.വി. എൽദോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നടപ്പിലാക്കിയ നിയന്ത്രണങ്ങൾ:
* അന്യസംസ്ഥാനത്തു നിന്നും വരുന്ന മത്സ്യവാഹനങ്ങൾ പുലർച്ചെ 5 മണിക്കും പച്ചക്കറി വാഹനങ്ങൾ 6 മണിക്കും മുമ്പായി ചരക്കിറക്കി മാർക്കറ്റ് വിട്ടുപോകണം.
* അന്യസംസ്ഥാന വാഹനങ്ങളിൾ വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഏർപ്പെടുത്തും. അത് മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇവർ ചരക്കിറക്കുന്ന തൊഴിലാളികളുമായോ പൊതുജനങ്ങളുമായോ സമ്പർക്കം പുലർത്തരുത്.
* ചരക്കിറക്കിയ വാഹനങ്ങൾ ഉടനെ മാർക്കറ്റ് വിട്ടുപോകണം. രാവിലെ 6.30ന് ശേഷം മാത്രമേ സാധനങ്ങൾ വാങ്ങുവാൻ വരുന്നവർ മാർക്കറ്റിൽ പ്രവേശിക്കാവൂ.
* ഗുഡ്‌സ് വാഹനങ്ങളല്ലാതെ ടൂവീലർ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിക്കരുത്. മാർക്കറ്റിന് മുൻഗേറ്റിലൂടെ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു
* മാർക്കറ്റിലും പരിസരത്തും ഫുട്പാത്ത് കച്ചവടം നിരോധിച്ചു
* സാധനങ്ങൾ വാങ്ങുവാൻ വരുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിച്ചും ക്യൂ പാലിച്ചും നിൽക്കണം.