കിഴക്കമ്പലം: കഴിക്കാൻ ആഹാരമില്ല, പണിയ്ക്കു പോകാൻ പണിയില്ല, കൈയ്യിൽ പണവുമില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പരാതി കേട്ട് മടുത്ത പൊലീസ് ഇവർക്ക് നല്ല 'പണി 'തന്നെ കൊടുത്തു.

കഴിഞ്ഞ ദിവസമാണ് പട്ടിമറ്റത്ത് തീയറ്ററിനടുത്തുള്ള താമസ സ്ഥലത്തു നിന്നും വിളി ഹെൽപ്പ് സെന്ററിൽ എത്തിയത്. കഴിക്കാൻ ആഹാരമില്ലെന്നായിരുന്നു പരാതി. നിജസ്ഥിതിയറിയാൻ പൊലീസെത്തുമ്പോൾ ആറു പേർ ഒന്നിച്ചിരുന്ന് പണം വച്ചുള്ള ചീട്ടുകളിയി​ലാണ്. കളത്തിൽ വീണത് പതിനായിരം രൂപ. പണിയില്ലെന്ന് പറഞ്ഞവരുടെ പണി കണ്ട പൊലീസും ഞെട്ടി. സംഗതി​ കേസാക്കി. താമസ സ്ഥലത്തുണ്ടായിരുന്നവർക്ക് വേണ്ട ആഹാര സാധനങ്ങൾ കളിക്കാരുടെ കൈയ്യിലെ പണം കൊണ്ട് വാങ്ങി നല്കിപ്പിച്ചു. ആറു പേർക്കെതിരെ പണം വച്ച് ചീട്ടുകളിച്ചതിനും, സാമൂഹിക അകലം പാലിക്കാതെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും കേസെടുത്തു.