തൃക്കാക്കര: കളക്ടറേറ്റിൽ എത്തുന്നവർക്ക് കാലുകൾ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം പ്രവർത്തന സജ്ജമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടത്തല കെ. എം. ഇ. എ ഇന്നോവേഷൻ കൗൺസിലാണ് കാലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കൈ കഴുകൽ സംവിധാനം തയ്യാറാക്കിയത്. സാങ്കേതിക സർവകലാശാലയുടെ നിർദ്ദേശപ്രകാരം എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ച കോവിഡ് സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപകരണം തയ്യാറാക്കിയത്. കളക്ടറേറ്റിന് പുറമെ കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജനറൽ ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പട്ടിമറ്റം കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിലും ഇവ സ്ഥാപിക്കും. കെ.എം.ഇ.എ ഇന്നവേഷൻ കൗൺസിൽ നോഡൽ ഓഫീസർമാരായ ഡോ.ഷമീർ കെ മുഹമ്മദിന്റെയും ഡോ.ബെന്നി ജോസഫിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കൈകൾ തൊടാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചത്. ഇതിൽ സോപ്പും വെള്ളവും കാലുകൾ ഉപയോഗിച്ച് പെടലുകൾ വഴി ഉപയോഗിക്കാൻ കഴിയും. ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള സംവിധാനം കളക്ടർ എസ്. സുഹാസ് കോളേജ് അധികൃതരിൽ നിന്നും ഏറ്റുവാങ്ങി.