prayer-day

കൊച്ചി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും മരണമടഞ്ഞവർക്കും വൈറസ് വ്യാപനം പ്രതിരോധിക്കാൻ പ്രയത്നിക്കുന്നവർക്കുമായി മേയ് മൂന്നിന് പ്രാർത്ഥനാദിനം ആചരിക്കാൻ വിവിധ മതനേതാക്കൾ ആഹ്വാനം ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കേരളത്തിൽ ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ലോകനന്മയ്ക്കായി പ്രാർത്ഥിക്കുന്നത്. കോഴിക്കോട് അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ, ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തൃശൂർ തെക്കേമഠാധിപതി വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബുബക്കർ മുസ്ളിയാർ, ഡോ. ഹുസൈൻ മടവൂർ, തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാദ്ധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമിസ്, ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ ദ്വിതീയൻ കത്തോലിക്കാ ബാവ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, യാക്കോബായ സഭാ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ്, മാർത്തോമ സഭാദ്ധ്യക്ഷൻ ജോസഫ് തോമാ മെത്രാപ്പാെലീത്ത, സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം, തൃശൂർ ഈസ്റ്റ് സിറിയൻ ചർച്ച് മെത്രാപ്പൊലീത്ത ഡോ.അപ്രേം എന്നിവരാണ് പ്രാർത്ഥനാ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്.