പറവൂർ: കൊവിഡ് സാഹചര്യത്തിൽ കൈത്തറി മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാനും വിഷു മുന്നിൽക്കണ്ട് തയാറാക്കിയ വസ്ത്രങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കാനും സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് ഹാൻടെക്സ് എറണാകുളം റീജനൽ ബോർഡ് അംഗം ടി.എസ്. ബേബി ആവശ്യപ്പെട്ടു. വിഷു വില്പന നടക്കാതിരുന്നതിനാൽ കൈത്തറിക്ക് ഉപയോഗിക്കുന്ന നൂൽ കിട്ടാത്ത സാഹചര്യമുണ്ടാകും. സാമ്പത്തിക പ്രതിസന്ധി സംഘങ്ങളെയും തൊഴിലാളികളെയും ബാധിക്കും. കോവിഡ്-19 പാക്കേജിൽ കൈത്തറി മേഖലയെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാർ നടപടിയെടുക്കണം. കുടിശിക വന്നിട്ടുള്ള തുകയുടെ 50 ശതമാനമെങ്കിലും സംസ്ഥാന സർക്കാർ സംഘങ്ങൾക്ക് നൽകണമെന്നും ടി.എസ്. ബേബി ആവശ്യപ്പെട്ടു.