vada
ചിത്രം

കൊച്ചി: മാസ്‌ക് ധരിച്ച ശ്രീബുദ്ധൻ, കൊവിഡുമായി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, സാനിറ്റൈസറുമായി നിൽക്കുന്ന യുവതി... കൊവിഡ് കാലത്തെ സ്ഥിതിവിശേഷങ്ങൾ വടക്കേക്കരയുടെ ചുമരുകളിൽ വരച്ചുചേർക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ലോക്ക് ഡൗൺ സമയത്ത് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും പുതിയതാണ് ഈ ബിനാലെ മോഡൽ.

കൊവിഡിന് എതിരെയുള്ള പ്രതിരോധം, ലോകം നേരിടുന്ന പ്രതിസന്ധികൾ, കേരളം നടപ്പാക്കുന്ന പ്രതിരോധ നടപടികൾ തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ബിനാലെയുടെ ലക്ഷ്യം.

പഞ്ചായത്തിന്റെ എമർജൻസി റെസ്‌പോൺസ് ടീമാണ് ആശയം പങ്കുവച്ചത്. ഫേസ്ബുക്കിൽ ഇട്ടതോടെ നിരവധി കലാകാരന്മാർ പിന്തുണയറിയിച്ച് രംഗത്തെത്തി. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണൽ കലാകാരന്മാർവരെ ഇക്കൂട്ടത്തിലുണ്ട്.

വടക്കേക്കര പഞ്ചായത്ത് ഓഫീസ് മതിൽ, മൂത്തകുന്നം പി.എച്ച്.സി, വടക്കേക്കര മൃഗാശുപത്രി, കൃഷിഭവൻ എന്നിവയുടെ ചുമരുകളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഏപ്രിൽ 21നാണ് ഇവർ ചിത്രം വരച്ച് തുടങ്ങിയത്. എ.എസ്. സജീവ്, പി.ആർ ഉണ്ണിക്കൃഷ്ണൻ, കെ.പി ഉണ്ണിക്കൃഷ്ണൻ, ആൻസൺ കെ.ടി, നിഖിത ജോബി, വൈശാഖ്, അനശ്വര, അയന, സുനിൽ രാജഗ്രഹ, അൻഷാദ് എൻ.എ, ജയഗീഷ് കുഴുപ്പിള്ളി, അഭി ശങ്കർ, ജീവരാജ്, അർജുൻ, ഉണ്ണി മൂത്തകുന്നം, ഗൗതം തുടങ്ങിയവരാണ് ചിത്രകാരന്മാർ. സൗജന്യമാണ് ഇവരുടെ സേവനം. പെയിന്റ് കട നടത്തുന്നവരും നാട്ടുകാരും സ്‌പോൺസർ ചെയ്ത പെയിന്റാണ് വരയ്ക്കാൻ ഉപയോഗിക്കുന്നത്‌. പഞ്ചായത്തിലെ എല്ലാ വീടുകളിലും നടപ്പാക്കിയ പച്ചക്കറി കൃഷി വിജയത്തിലേക്ക് നീങ്ങുകയാണ്.