ആലുവ: സ്വയസുരക്ഷപോലും നോക്കാതെ കൊവിഡ് മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്ന പൊലീസുകാർക്ക് ആദരമൊരുക്കി ഹ്രസ്വചിത്രം. കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലി ഗ്രാമത്തിലെ യുവാക്കളാണ് ബിഗ് സല്യൂട്ട് എന്ന ഹ്രസ്വചിത്രത്തിലൂടെ പൊലീസിന്റെ സേവനം തുറന്നുകാട്ടുന്നത്.
സ്വന്തം കുടുംബകാര്യങ്ങൾക്കുപോലും അവധികൊടുത്താണ് ലോക്ക്ഡൗൺ കാലത്ത് പൊലീസുകാരുടെ സേവനം. എന്നാൽ വീടിനകത്തിരിക്കാതെ അനാവശ്യമായി പുറത്തിറങ്ങി നമ്മൾതന്നെ അവരുടെ ജോലികൾ കടുപ്പിക്കുകയും കഷ്ടപ്പെടുത്തുകയുമാണ്. ഇതെല്ലാം മൂന്നുമിനിട്ടുമാത്രമുള്ള ഹ്രസ്വചിത്രത്തിലൂടെ വരച്ചുകാട്ടിയിട്ടുണ്ട്. നാടകകൃത്തും നടനുമായ ശശി മാഞ്ഞാലിയാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ അനിൽ കരുമാല്ലൂർ, എൻ.എം. ഷജിൽ, എൻ.എസ്. ശ്രീകുമാർ, അരുൺ എന്നിവരാണ് അഭിനേതാക്കൾ.
ഹ്രസ്വചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകംതന്നെ വൈറലായിട്ടുണ്ട്.