കൊച്ചി : എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഒന്നാം ഘട്ട ജോലികൾ മേയ് പകുതിക്ക് മുമ്പ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കേണ്ട രണ്ടാം ഘട്ട ജോലികളുടെ പുരോഗതി വ്യക്തമാക്കി കളക്ടർ റിപ്പോർട്ട് നൽകാനും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാൽ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശികളായ കെ.ജെ. ട്രീസ, ബി. വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ഹർജി മേയ് 12 ന് വീണ്ടും പരിഗണിക്കും.

 ഹൈക്കോടതി നിർദ്ദേശങ്ങൾ

 പേരണ്ടൂർ കനാലിന്റെ കടവന്ത്ര ജി.സി.ഡി.എ - കമ്മട്ടിപ്പാടം ഭാഗം രണ്ടാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കണം.

 ഇതിനായി കളക്ടർ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണം.

 പോളയും ചെളിയും നീക്കുന്നതിനുള്ള ടെൻഡർ നടപടി അടുത്ത പത്തു ദിവസത്തിനകം പൂർത്തിയാക്കണം.

 ഇതുവരെ ചെയ്ത കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണം നൽകണം.

 കമ്മട്ടിപ്പാടം മേഖലയിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിന് നടപടി വേണം.

 കളക്ടർ പങ്കെടുക്കുന്നില്ലെന്ന് നിരീക്ഷണ സമിതി

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ നിരീക്ഷിക്കാനുള്ള സമിതിയുടെ യോഗത്തിൽ ജില്ലാ കളക്ടർ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹത്തിനു പകരം മറ്റേതെങ്കിലും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നതെന്നും നിരീക്ഷണ സമിതിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരക്കുള്ളതിനാലാണ് കളക്ടർക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

 വലകെട്ടൽ : 40 ശതമാനം പൂർത്തിയായെന്ന് നഗരസഭ

പേരണ്ടൂർ കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നതു തടയാൻ വല കെട്ടുന്ന ജോലി 40 ശതമാനം പൂർത്തിയായെന്നും പായലും ചെളിയും നീക്കം ചെയ്യുന്നതിന് ടെൻഡർ നടപടികൾ തുടങ്ങിയെന്നും നഗരസഭ അറിയിച്ചു. ടെൻഡർനടപടികൾ മേയ് 15 ന് പൂർത്തിയാകുമെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ മേയ് 15 വരെ ഇതിനായി കാത്തിരിക്കേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.

ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി എറണാകുളം മാധവ ഫാർമസി ജംഗ്ഷനു സമീപത്തെ പ്രൊവിഡൻസ് ജംഗ്ഷനിൽ ഡ്രെയിനേജിന്റെ പണികൾ തുടങ്ങിയെങ്കിലും മഴക്കാലത്തിനു മുമ്പ് പണി തീരുമോയെന്ന് ആശങ്കയുണ്ടെന്ന് ഹർജിയിൽ കക്ഷി ചേരാനെത്തിയവർ വ്യക്തമാക്കി.