കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മഴക്കാലപൂർവ്വ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഒന്നര മാസത്തിനുള്ളിൽ പരമാവധി പ്രവൃത്തികൾ പൂർത്തിയാക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രധാന തോടുകളിലൂടെയും കാനാലുകളിലൂടെയുമുള്ള ജലനിർഗമനം സുഗമമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് കീഴിലുള്ള പദ്ധതികൾ പുനരാരംഭിക്കുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.