മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് വാഴപ്പിള്ളി, നിരപ്പ്, വെസ്റ്റ് മുളവൂർ, വാരിക്കാട്ട് ജംഗ്ഷൻ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും മഞ്ഞപിത്തവും പടർന്ന് പിടിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് നിരവധിയാളുകളാണ് സർക്കാർസ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. ഇതോടൊപ്പം തന്നെ പ്രദേശങ്ങളിൽ മഞ്ഞപിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിഭാഗം പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിതീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് അധികൃതർ പറയുമ്പോഴും പഞ്ചായത്തിലെ തെരുവോരങ്ങളിലും മറ്റും അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
#മാലിന്യങ്ങളുടെ കേന്ദ്രം
ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്യണമെന്നും അറവ് മാലിന്യങ്ങളടക്കം തെരുവിൽ നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ബദ്ധപ്പെട്ട വകുപ്പുകൾ തയ്യാറാണമെന്നും പ്രദേശവാസികൾ പറഞ്ഞു.
പുതുപ്പാടി ഇരുമലപ്പടി റോഡിലെ കാവുംപടിയിൽ ദേവസ്വം ബോർഡിന്റെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. മാത്രവുമല്ല നിരപ്പ് ഭാഗത്ത് മാലിന്യം നിക്ഷേപ കേന്ദ്രത്തിന് സമീപത്തുള്ള വീടുകളിൽ ഡെങ്കിപ്പനി സ്ഥിതീകരിക്കുകയും ചെയ്തിരുന്നു.