ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ഒന്നാം വാർഡിൽ പട്ടി ശല്യം രൂക്ഷമായതോടെ ചെറുകിട കോഴിക്കർഷകർക്ക് കഷ്ടകാലമായി. കഴിഞ്ഞ പ്രളയകാലത്തിന് ശേഷം ഒഴുകിയെത്തിയത് ഉൾപ്പെടെ ഒരു ഡസനോളം പട്ടികളാണ് നാൽപ്പത് പറ ഭാഗത്തെ ഭീഷണിയിലാക്കുന്നത്.
കോഴികളെ വീടുകളിൽ കയറി പിടികൂടുന്നത് നിത്യസംഭവമായി. അടുത്തിടെ സമീപവാസികൾക്കായി നിരവധി നാടൻകോഴികളും കരിക്കോഴികുഞ്ഞുങ്ങളും നഷ്ടപെട്ടു. രണ്ട് വർഷം മുമ്പ് ഈ ഭഗത്ത് പേപ്പട്ടി ശല്യമുണ്ടായപ്പോൾ പൊലീസ് ഇടപെട്ട് 15 നായ്ക്കളെ പഞ്ചായത്തധികൃതർ കൊന്നിരുന്നു.തുടർന്ന് പട്ടിയെ വളർത്തണമെങ്കിൽ പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഒഴിഞ്ഞ പാടശേഖരങ്ങളിൽ കെട്ടുന്ന നാൽക്കാലികൂട്ടത്തിനു നേർക്കും പട്ടികൾ ആക്രമണത്തിനു മുതിരാറുണ്ട്.പഞ്ചായത്ത് അധികൃതർ ഇടപെട്ട് പഞ്ചായത്ത് ലൈസൻസ് ഇല്ലാത്ത പട്ടികളെ പിടികൂടി നശിപ്പിക്കുകയോ, മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാവശ്യപെട്ട് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.