supran
ഐ.ആർ. കൃഷ്ണൻ മാസ്റ്റർ മേത്തല ഫൗണ്ടേഷൻ സാഹിത്യ പുരസ്‌ക്കാരം നേടിയ മാണിയംകുളം കെ. സുബ്രൻ അവാർഡ് തുക അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്നതിനായി പി.സി സോമശേഖരന് കൈമാറുന്നു

നെടുമ്പാശേരി: ഐ.ആർ കൃഷ്ണൻ മാസ്റ്റർ മേത്തല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരത്തിന് അർഹനായ മാണിയംകുളം കെ.സുബ്രൻ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. സുബ്രൻ എഴുതിയ ശിവൻകുട്ടിയുടെ ഒഴിവുകാലം എന്ന ബാലസാഹിത്യ കൃതിയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.

അവാർഡ് തുകയായ 10000 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. നെടുമ്പാശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. സോമശേഖരന് സുബ്രൻ ചെക്ക് കൈമാറി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പ്രകാശൻ, എൽദോ ഡേവിഡ്, എം.എൻ. സന്തോഷ്, പി.എൻ. സുഭിലാഷ് എന്നിവർ പങ്കെടുത്തു. അത്താണി കാംകോ ജീവനക്കാരനായ മാണിയംകുളം കെ. സുബ്രൻ എഴുതിയ മൂന്ന് പുസ്തകങ്ങൾ കഴിഞ്ഞ ഡിസംബറിൽ പ്രകാശനം ചെയ്തിരുന്നു. പുസ്തക വില്പനയിൽ നിന്നു കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് പ്രകാശന ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം പുസ്തക വില്പനയ്ക്ക് തടസം നേരിട്ടതിനാലാണ് അവാർഡ് തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയതെന്ന് സുബ്രൻ പറഞ്ഞു.