മൂവാറ്റുപുഴ : നഗരത്തിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്നായി കഞ്ചാവും മയക്കുമരുന്നുകളുമായി അഞ്ചു പേർ പിടിയിലായി. 10 മില്ലിഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് കാവുങ്കര ചിറ്റായത്ത് അൻസിൽ (19), 10 ഗ്രാം കഞ്ചാവുമായി വാഴപ്പിള്ളി കോർമലപുത്തൻപുരയിൽ ആർജുൻ (22), തൊടുപുഴ കാരിക്കോട് പള്ളത്ത്പറമ്പിൽ ഷാമിൽ (21), മടക്കത്താനം പെരുവാംകുഴിയിൽ അൻവർ സാബിത്ത് (21), 18 ഗ്രാം മയക്കുമരുന്നുമായി ചിക്കമംഗ്ലൂർ സ്വദേശി പ്രദീപ് ദാസ് (30) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അൻസിലിന് മയക്കുമരുന്ന് നൽകിയതിനാണ് ഷാമിലിനെയും അൻവർ സാബിത്തിനെയും പിടിച്ചത്. എക്‌സൈസ് സി.ഐ വൈ. പ്രസാദിൻറെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. സതീഷ്, പ്രിവൻറീവ് ഓഫീസർമാരായ ടി.കെ. ബാബു, എൻ. ശ്രീകുമാർ, വി.എ. ജബ്ബാർ, സി.ഇ.ഒമാരായ കെ.എം. റോബി, വി.എ. ഷമീർ, എം.വി. ബിജു, പി.ആർ. സൂരജ്, സുമേഷ് കുമാർ, പി.ആർ. അനുരാജ് എന്നിവരുൾപ്പെട്ട പരിശോധന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. വരും ദിവസങ്ങളിൽ മേഖലയിൽ പരിശോധന കർശനമാക്കുമെന്നും എക്‌സൈസ് സി. ഐ വൈ. പ്രസാദ് അറിയിച്ചു.