ആലപ്പുഴ: റോഡുകൾ പൂട്ടിക്കെട്ടിയെങ്കിലും കോട്ടയത്ത് നിന്നും വഞ്ചിയിലൂടെ അതിത്തി ലംഘിച്ച് ജില്ലയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ളവർ ആലപ്പുഴ ജില്ലയിലെ ബന്ധുവീടുകളിലേക്കാണ് ഇങ്ങനെ എത്തുന്നത്. കായൽമാർഗം എത്തുന്നതിന് നിലവിൽ പൊലീസ് നിയന്ത്രണങ്ങളൊന്നുമില്ല.നേരേകടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് യമഹാവഞ്ചികൾ സർവീസ് നടത്തുന്നത്. വഞ്ചികളിലൂടെ ജില്ല കടക്കാൻ എളുപ്പമാണ്. യമഹാവഞ്ചികൾക്ക് 50 രൂപയാണ് മിനിമം നിരക്ക്. തീരത്തെ ബന്ധുവീടുകളിൽ എത്തിച്ച് നൽകുന്നതിൽ നിരക്ക് കൂടും. കൊറോണയുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.