കൊച്ചി: വഴിപാടുകൾ ഓൺലൈനാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഇപ്പോൾ അത്യുത്സാഹം. പതിറ്റാണ്ടുകളായി ഈ സാദ്ധ്യതയുടെ മുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മാറിമാറിവന്ന ബോർഡുകൾ. ലോക്ക് ഡൗണിൽ വരുമാനം മുട്ടിയപ്പോഴാണ് ഇക്കാര്യത്തിൽ ശുഷ്കാന്തി ഉദിച്ചത്.

നൂറുകണക്കിന് സ്വകാര്യക്ഷേത്രങ്ങളിൽ വഴിപാടുകൾ ഓൺലൈനാക്കിയിട്ട് വർഷങ്ങളായി. ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾക്കും ഈ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച കൂടിയാലോചനകളുടെയും പഠനങ്ങളുടെയും തിരക്കിലാണ് കൊച്ചിൻ ദേവസ്വം. നിലവിലെ വെബ്സൈറ്റ് അപ്ഗ്രേഡ് ചെയ്ത് ഓൺലൈൻ സംവിധാനം ഒരുക്കാനാകും. ഭീമമായ ചെലവുമാകില്ല. വഴിപാട് നടത്താനായാൽ ഭക്തർക്ക് ആത്മസംതൃപ്തിയും ദേവസ്വം ബോർഡിന് വരുമാനവും ലഭിച്ചേനേ.

തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ബോർഡിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്. ഇവരെത്തന്നെ ഓൺലൈൻ പദ്ധതിക്കായി ചുമതലപ്പെടുത്താനാണ് സാദ്ധ്യത. ഇവർ സൗജന്യമായി സേവനം നൽകാനും തയ്യാറായിട്ടുണ്ടെന്ന് അറിയുന്നു.

# നയാപൈസയുടെ വഴിപാടില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബോർഡിന് ലോക്ക് ഡൗണിന് ശേഷം വഴിപാടിനത്തിൽ നയാപൈസ വരുമാനമില്ല. ക്ഷേത്രങ്ങൾക്ക് പുറത്ത് വഴിപാട് കൗണ്ടർ തുറക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഭക്തരെത്താത്തതിനാൽ കൗണ്ടർ തുടങ്ങിയ ചുരുക്കം ക്ഷേത്രങ്ങളിൽ നൂറുരൂപ തികച്ച് കിട്ടിയില്ല.

ബോർഡിന് ഏറ്റവുമധികം വരുമാനമുള്ള ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നാല് ദിവസം കൊണ്ട് അഞ്ഞൂറു രൂപ പോലും ലഭിച്ചില്ല.

ഇ ഹുണ്ടിക

പല ക്ഷേത്രങ്ങളുടെയും ഭണ്ഡാരത്തിൽ നേർച്ചപ്പണം ഓൺലൈനായി നിക്ഷേപിക്കാൻ വരെ സൗകര്യമുണ്ട്. പക്ഷേ ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. അതത് ക്ഷേത്രങ്ങളിലേക്ക് മണി ഓർഡർ അയച്ചാൽ വഴിപാടുകൾ നടത്തും. ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ വകുപ്പില്ല.

വഴിപാടുകൾ റദ്ദാക്കുന്നു

ദേവസ്വം ബോർഡിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഭക്തർ ബുക്കുചെയ്ത വഴിപാടുകൾ ഏതാണ്ടെല്ലാം റദ്ദാക്കി. ചോറ്റാനിക്കരയിൽ 2026 വരെ ബുക്കിംഗുള്ള കീഴ്ക്കാവിലെ ഗുരുതി മാത്രമാണ് ദിവസവും മുടക്കമില്ലാതെ നടത്തുന്നത്. ഭഗവതിയുടെ ജന്മനാളായ കാർത്തികയ്ക്കൊഴികെയുള്ള ദിവസങ്ങളിലാണ് ഗുരുതി. ഒരു ദിവസം ഒരു ഗുരുതി മാത്രമേ ഉണ്ടാകൂ. 26,000 രൂപയാണ് നി​രക്ക്.