കൊച്ചി: വിലപിടിപ്പുള്ള വസ്തുക്കൾ നശിക്കുന്നു. സ്ഥാപനങ്ങൾ തുറക്കാനോ തൊഴിൽ ചെയ്യാനോ വഴിയില്ല. കടവും ബാദ്ധ്യതകളും പെരുകുന്നു. ആരും സഹായിക്കാനുമില്ല. പ്രഖ്യാപിച്ച ഇളവ് തൊട്ടുപിന്നാലെ സർക്കാർ റദ്ദാക്കുകയും ചെയ്തതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിലാളികൾ.
ബ്യൂട്ടി പാർലറുകൾ തുറക്കാൻ കഴിയാത്തതിനാൽ വിലയേറിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നശിക്കുകയാണ്. ഫ്രിഡ്‌ജിലുൾപ്പെടെ സൂക്ഷിക്കേണ്ട വസ്തുക്കളാണ് കാലാവധി തീരുന്നതുമൂലവും നശിക്കുന്നത്. സാധാരണ ബാർബർ ഷോപ്പുകളിൽ ജോലി ചെയ്യുന്ന പതിനായിരങ്ങളും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിൽ കുടുംബം പുലർത്താൻ ക്ളേശിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
കടബാദ്ധ്യത പെരുകി
ഒരുമാസം അടച്ചിട്ടതോടെ കടബാദ്ധ്യത പെരുകി. വാടക നൽകാൻ പോലും കഴിയുന്നില്ല. നിത്യവൃത്തിക്ക് വകയില്ലാത്ത സ്ഥിതിയിലാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും.
ബാർബർ ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുവദിച്ചത് ആശ്വാസത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് അനുമതി റദ്ദാക്കി.
കരുണ കാട്ടണം
സർക്കാരിന്റെ കരുണ കാത്ത് ലക്ഷക്കണക്കിന് ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിലാളികൾ കഴിയുകയാണ്. ഇളവുകൾ അനുവദിച്ച് പട്ടിണിയും രോഗദുരിതവും ഒഴിവാക്കാൻ സർക്കാരുകൾ തയ്യാറാകണം.
സി.ടി. മുരളീധരൻ
ചെയർമാൻ
ആൾ ഇന്ത്യാ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷൻ