കൊച്ചി: ലോക്ക്ഡൗണിന്റെ പേരിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ പുനരാരംഭിച്ചതോടെ രക്തക്ഷാമം രൂക്ഷം. ഹൃദയ, കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തുടങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് 15, ഹൃദയശസ്ത്രക്രിയയ്ക്ക് 4, കാൻസറിന് ഒരു ദിവസം ആറു യൂണിറ്റ് എന്നിങ്ങനെ രക്തവും ആവശ്യമുണ്ട്. ഒരു വ്യക്തിയിൽ നിന്ന് ഒരു യൂണിറ്റ് രക്തമാണ് ശേഖരിക്കുന്നത്. അവയവ മാറ്റങ്ങൾക്ക് പുതുരക്തത്തിനാണ് മുൻഗണന.
കൊവിഡ് ജാഗ്രത നിർദ്ദേശങ്ങളുടെ ഭാഗമായി നിർത്തിവച്ച രക്തദാന ക്യാമ്പുകൾ നിയന്ത്രണങ്ങളോടെ വീണ്ടും തുടങ്ങിയെങ്കിലും അധികംപേർ തയ്യാറാകുന്നില്ല.
# കടമ്പയായി കൊവിഡ്
കൊവിഡ് ഭീതി കാരണം രക്തദാനത്തിനായി ആശുപത്രികളിലേക്ക് വരാൻ ദാതാക്കൾ മടിക്കുന്നതാണ് പ്രധാന പ്രതിസന്ധി.
യാത്രാവിലക്ക് മൂലം മറ്റ് ജില്ലകളിലുള്ള ബന്ധുക്കളെ എത്തിക്കാനുമാവില്ല.
പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ യാത്ര അസാദ്ധ്യം
കോളേജുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ രക്തദാതാക്കൾക്ക് ക്ഷാമം
രക്തബാങ്കുകളിലും സ്വമേധയാ രക്തം ദാനം ചെയ്യാനെത്തുന്നവരുടെ എണ്ണം കുത്തനെ താഴ്ന്നു.
റംസാൻ നോമ്പ് കാലമായതും ദാതാക്കൾ പിന്മാറാൻ കാരണമായി.
# ആശുപത്രികളിൽ രക്തം നൽകാം
ജില്ലയിൽ 23 ആശുപത്രികളിൽ രക്തദാനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് കാലത്തിന് മുമ്പ് പ്രതിദിനം ജില്ലയിൽ കുറഞ്ഞത് 500 പേർ രക്തം ദാനം ചെയ്തിരുന്നു. ഇപ്പോഴത് 35 - 45 ആയി ചുരുങ്ങി.
ആശുപത്രികളിലേക്ക് ശരാശരി 300- 500 യൂണിറ്റ് രക്തം ആവശ്യമാണ്. ശസത്രക്രിയകൾ നിയന്ത്രിച്ചിട്ടും നിലവിൽ 200 - 300 യൂണിറ്റിന്റെ ആവശ്യം വരുന്നു.
# രക്തദാതാക്കളെ തടയില്ല
യാത്രാചരിത്രമില്ലാത്ത ആരോഗ്യമുള്ള യുവാക്കൾ രക്തദാനത്തിന് സ്വമേധയ മുന്നോട്ട് വന്നാൽ മാത്രമേ രക്തക്ഷാമത്തിന് പരിഹാരമാകുകയുള്ളൂ. ചികിത്സയിലുള്ള രോഗിയുടെ വിവരങ്ങളും സത്യവാങ്ങ്‌മൂലവും ഹാജരാക്കിയാൽ രക്തദാനത്തിനായുള്ള യാത്രകൾ പൊലീസ് തടയില്ല.
ജിഷ്ണുരാജ്
ജില്ലാ രക്ഷാധികാരി
ബ്ലഡ് ഡോണേഴ്‌സ് ഒഫ് കേരള