border

കൊച്ചി: പിറന്നുവീണതിന് ശേഷം ആദ്യമായി മകൾ ഫസ്രീൻ ഫാത്തിമയെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ അമ്മ സോഫിയ നസ്രിയബാനുവിന് സന്തോഷമടക്കാനായില്ല. അതുകണ്ട് മുത്തശ്ശിയും കണ്ണീർപൊഴിച്ചു. ലോക്ക് ഡൗൺ കാലത്ത് അതിർത്തി കടന്ന് കേരളത്തിൽ അതിസങ്കീർണമായ ഹൃദയചികിത്സയ്ക്കെത്തിയ പിഞ്ചുകുഞ്ഞ് അസുഖം ഭേദമായി തിരികെ മാതാവിന്റെ അരികിലേക്ക് എത്തിയ നിമിഷമായിരുന്നു അത്.

നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ വിഷുപ്പുലരിയിലായിരുന്നു അവളുടെ ജനനം. പിറന്നുവീണയുടൻ ശരീരം നീലനിറമായതിനെത്തുടർന്ന് ആശുപത്രി അധികൃതർ എറണാകുളത്തെ ലിസി ആശുപത്രിയിലെ വിദഗ്ദ്ധരുമായി സംസാരിച്ചു. വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും കുഞ്ഞിനെ മാറ്റേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. അന്ന് രാത്രിയോടെ കുഞ്ഞിനെ ലിസിയിൽ എത്തിച്ചു. ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ അതിസങ്കീർണ രോഗാവസ്ഥ പരിശോധനയിൽ കണ്ടെത്തി. ഡോ. ജി.എസ്. സുനിലിന്റെ നേതൃത്വത്തിൽ തൊട്ടടുത്തദിവസം നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂറോളമെടുത്തു.

കുഞ്ഞിനൊപ്പം പിതാവ് മുഹമ്മദ് ഫൈസലും മുത്തച്ഛൻ ഷാജഹാനും വന്നിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇരുവരെയും ക്വാറന്റൈനിലാക്കി. ചികിത്സയ്ക്കിടെ കുഞ്ഞിനെ വീഡിയോകാൾ വഴിയാണ് ഇവരെ കാണിച്ചിരുന്നത്. 16 ദിവസത്തെ ചികിത്സയ്ക്കുശേഷം അവൾ പൂർണ ആരോഗ്യവതിയായി. പോകുന്നതിന് മുമ്പ് അച്ഛൻ മുഹമ്മദ് ഫൈസൽ അവൾക്ക് പേരിട്ടു; ഫസ്രീൻ ഫാത്തിമ. ദൈവത്തിന്റെ സമ്മാനമെന്ന് വിശേഷണം. ഫാ. പോൾ കരേടൻ കേക്കുമുറിച്ച് സന്തോഷം പങ്കിട്ടു. ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, ഡോ. ജോസ്ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജി.എസ്. സുനിൽ, ഡോ. എഡ്വിൻ ഫ്രാൻസിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ 9.15ന് ആംബുലൻസിൽ കുഞ്ഞുമായി യാത്രതിരിച്ചു. ഫിസിഷ്യൻ അസിസ്റ്റന്റ് എബിൻ എബ്രഹാം, നഴ്സ് റീത്ത ഗീതു, ഡ്രൈവർ ആൻസൻ എന്നിവരോടൊപ്പം കുഞ്ഞിന്റെ അച്ഛനും മുത്തശനും ഒപ്പമുണ്ടായിരുന്നു. കേരള അതിർത്തിയായ കളിയിക്കാവിളയിൽ വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെ കുഞ്ഞിനെ നഴ്സ് റീത്ത ഗീതു അമ്മയ്ക്ക് കൈമാറി.