കൊച്ചി : ചെന്നൈയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സ്വമേധയാ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഏപ്രിൽ 25 നാണ് ചെന്നൈയിലെ വേളാച്ചേരിയിൽ നിന്ന് ചീഫ് ജസ്റ്റിസ് കൊച്ചിയിലെത്തിയത്.

മാർച്ച് അവസാനമാണ് ചീഫ് ജസ്റ്റിസ് മണികുമാർ ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയത്. ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിന് ഫുൾകോർട്ട് റഫറൻസിലൂടെ യാത്രഅയപ്പ് നൽകാനാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തിയത്. അന്തർ സംസ്ഥാന യാത്രയായതിനാൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നു. തുടർന്ന് 25 ന് വൈകിട്ട് വാളയാറിൽ എത്തിയ ചീഫ് ജസ്റ്റിസിനെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് രോഗമില്ലെന്ന് വിലയിരുത്തി. പൊലീസ് എസ്കോർട്ടിലാണ് അന്നുരാത്രി കൊച്ചിയിലെ ഒൗദ്യോഗിക വസതിയിലെത്തിയത്. കൊവിഡ് രോഗ പ്രതിരോധത്തിനുള്ള നിലവിലെ പ്രോട്ടോകോൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ നിശ്ചിതദിവസം ക്വാറന്റൈനിൽ കഴിയണം. ഇതനുസരിച്ചാണ് ചീഫ് ജസ്റ്റിസ് 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇക്കാര്യം ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിന്റെ യാത്രഅയപ്പ് ഇന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് നടത്തുന്നത്. അതിനാൽ ക്വാറന്റൈനിലിരുന്നും ചീഫ് ജസ്റ്റിസിന് പങ്കെടുക്കാനാകും.