ആലുവ: ആലുവ മാർക്കറ്റിലെ തിരക്ക് കുറക്കുന്നതിനായി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം നടപ്പാക്കാൻ മടിച്ച കച്ചവടക്കാർ പൊലീസ് എത്തിയപ്പോൾ അനുസരണയുള്ള 'കുട്ടി'കളായി. രാവിലെ നഗരസഭാ അധികൃതർ എത്തിയപ്പോൾ നിർദേശത്തോട് കച്ചവടക്കാർ മുഖം തിരിഞ്ഞുനിന്നതോടെയാണ് പൊലീസ് സഹായം തേടിയത്.
കഴിഞ്ഞ ദിവസം അൻവർ സാദത്ത് എം.എൽ.എ, ചെയർപേഴ്‌സൺ ലിസി എബ്രഹാം എന്നിവരുടെ നേതൃത്തിൽ നഗരസഭ അധികൃതർ നേരിട്ടെത്തിയാണ് തീരുമാനങ്ങൾ അറിയിച്ചത്. നിർദേശങ്ങൾ ഇന്നലെ ചില കച്ചവടക്കാർ പാലിച്ചിരുന്നില്ല. റോഡിലേക്ക് ഇറക്കി മാർക്കറ്റിലെ ഗതാഗതത്തിന് തടസം സൃഷ്ടിച്ച കച്ചവട സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചു. പ്രത്യേകം വടംകെട്ടി അതിർത്തി നിർണയിച്ചു. പുറത്ത് വച്ചിരിക്കുന്ന സാധനങ്ങൾ നഗരസഭാ അധികൃതർ കണ്ടുകെട്ടി നടപടികളിലേക്ക് മുതിർന്നതോടെ കച്ചവടക്കാർ തന്നെ വില്പന വസ്തുക്കൾ റോഡിൽ നിന്ന് മാറ്റി
മാർക്കറ്റിലേക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തിയതിനൊടൊപ്പം അനധികൃത കച്ചവടക്കാരെയും ഒഴിവാക്കി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെറോം മൈക്കിൾ, ടിമ്മി ബേബി, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ഹെൽത്ത് ഇൻസ്‌പെക്ടർ മധുസുദനൻ, ജെ എച്ച് ഐ സീന എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 7 മണിയോടെ നടപടികളാരംഭിച്ചു. മാർക്കറ്റിൽ ലോഡുകളുമായി എത്തുന്ന ഡ്രൈവർമാരും സഹായികളും തൊഴിലാളികളും പൊതുജനങ്ങളുമായി സമ്പർക്കമില്ലാതിരിക്കാൻ കച്ചവട സ്ഥാപന ഉടമകൾ ശ്രദ്ധിക്കുന്നുണ്ട്.