justice-abdul-rahim

വീഡിയോ കോൺഫറൻസിംഗിലൂടെ യാത്രഅയപ്പ്

കൊച്ചി : കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജിയും കേരള ലീഗൽ സർവീസ് അതോറിട്ടി (കെൽസ) ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഇന്ന് വിരമിക്കും. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഇന്ന് ഫുൾകോർട്ട് റഫറൻസും യാത്രഅയപ്പും സംഘടിപ്പിച്ചിട്ടുള്ളത്.

ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പെരുമ്പാവൂർ വെസ്റ്റ് വെങ്ങോലയിൽ പരേതനായ മുൻ ഡെപ്യൂട്ടി സെയിൽസ്ടാക്സ് കമ്മിഷണർ പി.കെ. ആലിപ്പിള്ളയുടെയും പരേതയായ കുഞ്ഞിബീപാത്തുവിന്റെയും മകനാണ്. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി 1983 ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2009 ജനുവരി അഞ്ചിന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. കൊവിഡ് രോഗ ഭീഷണിയെത്തുടർന്ന് ജയിലുകളിൽ കഴിയുന്നവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി, ഒന്നര വയസുകാരിയായ അലിയ ഫാത്തിമയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാദ്ധ്യമാക്കിയ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി വിധികൾ ജസ്റ്റിസ് അബ്ദുൾ റഹീം പ്രസ്താവിച്ചിട്ടുണ്ട്.