കൂവപ്പടി: പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയും വികസന പ്രവർത്തനങ്ങളും നിലച്ചിട്ടും പാറയും പാറ ഉത്പന്നങ്ങളും കരിഞ്ചന്തയിൽ വിൽക്കുന്നതിൽ ബി.ജെ.പിയുടെ പഞ്ചായത്തംഗങ്ങളായ ഹരിദാസ് നാരായണൻ, ഉഷ മോഹൻബാബു, ശശികല രമേഷ് എന്നിവർ പ്രതിഷേധിച്ചു. നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.
ലോക്ക് ഡൗണിൽ ഇവുകൾ നൽകിയതോടെ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്ന് വൻതോതിൽ പാറയും ഉത്പന്നങ്ങളും കടത്തുന്നുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഇവ കൊണ്ടുപോകുന്നുണ്ട്. ലോറികളുടെ കൂട്ടത്തോടെയുള്ള വരവ് നാട്ടുകാരെയും ആശങ്കയിലാക്കി. സർക്കാർ നിയന്ത്രണങ്ങൾ ലോറികളോ ജീവനക്കാരോ പാറമടയുടമകളോ പാലിക്കുന്നില്ല. ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. പാറയുടെ വിലയും അടിക്ക് എട്ടുരൂപ വരെ വർദ്ധിപ്പിച്ചു. ഇതുമൂലം പ്രാദേശിക വികസനം തടസപ്പെട്ടു.
പഞ്ചായത്ത് അധികൃതരെ പലകുറി ഇക്കാര്യം അറിയിച്ചെങ്കിലും ഭരണസമിതി നടപടി സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷവും നിസംഗത തുടരുകയാണ്. ഭരണസമിതിയുടെ ഒത്താശയോടെയാണ് കരിഞ്ചന്തയെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.