വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖയും ഗുരുപ്രസാദം, ഗുരുമഹിമ, ഗുരുകൃപ കുടുംബയൂണിറ്റുകളും ചേർന്ന് അരിയും 12 ഇനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു. സഹോദരഭവനം റോഡിലെ ഗുരുമന്ദിരത്തിൽ വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, കെ.ആർ. മോഹനൻ, കെ.പി. ബാബു എന്നിവർ സംബന്ധിച്ചു.
പുതുവൈപ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ എല്ലാ അംഗങ്ങൾക്കും അരി , പലവ്യഞ്ജനം, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി രഞ്ജിത്ത്, യൂണിയൻ കമ്മിറ്റി അംഗം ഭാഷി എന്നിവർ സംബന്ധിച്ചു.
അഴീക്കൽ കുടുംബി മഹാജനസഭ 1200 കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും വിതരണം ചെയ്തു. പ്രസിഡന്റ് പി.ആർ. അശോകൻ വിതരാണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ.എം. മഹേഷ്, ക്ഷേത്രം മാനേജർ വി.ജി. രമേഷ്, പി.ഡി. ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.