parvathi
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക എറണാകുളം സെൻട്രൽ സി.ഐയ്‌ക്ക് കൈമാറുന്ന പാർവ്വതിയും മാതാവ് പത്മകുമാരിയും

3377 രൂപ

 മാതാപിതാക്കൾ കരിക്കുകച്ചവടക്കാർ

കൊച്ചി: ഇളംകൈകളിൽ കുടുക്കയുമായി സെൻട്രൽ പൊലീസ് സ്‌റ്റേഷന്റെ പടവുകൾ കയറിയെത്തിയ ബാലിക. ഒപ്പം അമ്മയുമുണ്ടായിരുന്നു. സി.ഐ എസ്. വിജയശങ്കറിന്റെ മുറിയിലെത്തിയ ബാലിക കുടുക്ക നീട്ടി. സർ, ഇതിലുള്ളതെല്ലാം കൊവിഡ് പ്രതിരോധത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. സി.ഐയും പൊലീസുകാരും കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ എണ്ണി. 3377 രൂപ.

കൊവിഡിനെ പ്രതിരോധിക്കാൻ തന്റെ കൊച്ചു സമ്പാദ്യം നൽകിയത് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ളാസുകാരിയായ പാർവ്വതി കൃഷ്‌ണൻ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപം പള്ളിയിൽ ലെയിനിൽ നികത്തിൽ കൃഷ്ണന്റെയും പത്മകുമാരിയുടെ മകൾ. എറണാകുളം ഡർബാർ ഹാൾ മൈതാനിയിൽ കരിക്ക് വിൽപ്പന നടത്തുന്നതാണ് ഈ കുടുംബം. അച്‌ഛനും അമ്മയ്‌ക്കും കൂട്ടായി പാർവ്വതിയേയും പലപ്പോഴും അവിടെ കാണാം.

മാതാപിതാക്കളിൽ നിന്ന് ഇടയ്ക്ക് ലഭിച്ചിരുന്നതും വിഷുവിന് കിട്ടിയ കൈനീട്ടവുമാണ് കുടുക്കയിലുണ്ടായിരുന്നത്. എല്ലാം നാണയതുട്ടുകൾ.

പാർവ്വതിയുടെ കരുതൽ ഇതാദ്യമല്ല. പ്രളയകാലത്ത് 4970 രൂപ ജില്ലാ കളക്‌ടർ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പിറന്നാൾ ആഘോഷിക്കാൻ സ്വരുക്കൂട്ടിയിരുന്ന അയ്യായിരം രൂപ അഞ്ചു മാസം മുമ്പ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് നൽകി.

കുഞ്ഞു പാർവ്വതിയു‌ടെ വലിയ മനസിനു മുമ്പിൽ കൈയടിയോടെയാണ് സെൻട്രൽ സി.ഐയും സഹപ്രവർത്തകരും അവരെ യാത്രയാക്കിയത്. കണയന്നൂർ തഹസീൽദാർ മുഖേന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു.

 പാർവ്വതിക്ക് സർപ്രൈസ് സമ്മാനം

പാർവ്വതിയുടെ വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കാൻ അസി.കമ്മിഷണർ കെ.ലാൽജി പൊലീസുകാരെ നിയോഗിച്ചു. സ്ഥിരമായി വാർത്ത കാണുന്നത് പാർവ്വതിയുടെ ശീലമായിരുന്നു. വീട്ടിലുണ്ടായിരുന്നത് ഒരു പഴഞ്ചൻ ടി.വി. ശബ്ദം പോലും വ്യക്തമല്ല. പൊലീസുകാർ ഇത് റിപ്പോർട്ട് ചെയ്‌തു. ഞൊടിയിടയിൽ സ്‌റ്റേഷനിലുള്ളവർ എല്ലാവരും കൂടി തുകയിട്ട് 24 ഇഞ്ച് ടി.വി വാങ്ങി വീട്ടിലെത്തിച്ചു. ആ കുരുന്നു മനസിലെ സന്തോഷം പൊലീസുകാരുടെ കണ്ണുനിറയിച്ചു. അസി.കമ്മിഷണർ കെ.ലാൽജി, സി.ഐ. വിജയശങ്കർ എന്നിവർ ചേർന്നാണ് ടി.വി കൈമാറിയത്.