pic

ഹൈദ്രബാദ്: ആന്ധ്രാപ്രദേശിൽ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും സഹായിയായി ഇനി റോബർട്ട്‌ എത്തും. നെല്ലൂർ നഗരത്തിൽ സർക്കാർ ജനറൽ ആശുപത്രിയിലെ രോഗികളെ പരിചരിക്കുന്നതിനാണു ഒരു റോബോട്ട് സജ്ജമായിരിക്കുന്നത്. നെൽബോട്ട് എന്ന് പേരിട്ടിരിക്കുന്ന ഇത് കൊവിഡ് ഐസൊലേഷൻ വാർഡിലെ രോഗികളെ സമയാസമയങ്ങളിൽ സന്ദർശിക്കുകയും അവരും മെഡിക്കൽ പ്രൊഫഷണലുകളും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള മാർഗമായും റോബർട്ട്‌ പ്രവർത്തിക്കും. ഇതോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് രോഗികളെ സന്ദർശിക്കേണ്ടി വരില്ല. “രോഗികൾക്ക് കൃത്യസമയത്ത് മരുന്നും ഭക്ഷണവും നൽകാൻ ഇത് ഉപയോഗിക്കുമെന്നു നോഡൽ ഓഫീസർ എം. നരേന്ദ്ര പറഞ്ഞു.

പൈലറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ റോബോട്ട് അവതരിപ്പിച്ചത്. ഇതിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കൂടുതൽ റോബോട്ടുകളെ സേവനത്തിലേക്ക് കൊണ്ടുവരുമെന്ന് എസ്പിഎസ്ആർ നെല്ലൂർ ജോയിന്റ് കളക്ടർ വിനോദ് കുമാർ പറഞ്ഞു. നെല്ലൂർ എം‌പി അദാല പ്രഭാകർ റെഡ്ഡിയുടെ നിർദേശപ്രകാരം ചെന്നൈയിലെ അന്ന യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ ഇലക്ട്രിക്കൽ എഞ്ചിനീയർ പർവീഷ് ഹുസൈനാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്. രോഗികൾക്കായി ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, പത്രങ്ങൾ എന്നിവ എത്തിക്കാൻ ഇതിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട്. 2.50 ലക്ഷം ഡോളർ വിലവരുന്ന റോബോട്ട് എപിആർ ഹെൽപ്പിംഗ് ഹാൻഡ്സ് ഫൗണ്ടേഷൻ ജിജിഎച്ചിന് സംഭാവന ചെയ്തതായി ഡയറക്ടർ എസ്.ഡി. നിസാമുദ്ദീൻ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത ശേഷം ടെലികമ്മ്യൂണിക്കേഷൻ ആപ്ലിക്കേഷൻ സ്കൈപ്പ് വഴി ഒരു രോഗിയെ ഓൺലൈനിൽ വിദൂരമായി പരിശോധിക്കാൻ ഡോക്ടർക്ക് സാധിക്കും. റോബോട്ടുകളുടെ സേവനം മറ്റ് സർക്കാർ ആശുപത്രികളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.