lock

കൊച്ചി :പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് ആഴ്ചകൾ പിന്നിട്ടെങ്കിലും, എറണാകുളം ജില്ലാ കടന്നു പോകുന്നത് ചങ്കിടിപ്പോടെ തന്നെ. ഗ്രീൻ സോണിലായിരുന്നു കോട്ടയമടക്കം പെടുന്നനെ ചുവന്ന് തുടുത്ത് റെഡ് സോണിലായത് മുന്നിൽ കണ്ട് കടുത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടം. അതേസമയം, എറണാകുളത്ത് സാമൂഹിക വ്യാപനം ഉണ്ടായോ എന്നറിയാൻ ശേഖരിച്ച സാമ്പിളുകളിൽ മഹാഭൂരിഭാഗം ഇനിയും ലഭിക്കാനുണ്ട്. 201 സാമ്പിളുകളിൽ നിന്നും 26 എണ്ണത്തിന്റെ ഫലവും മാത്രമാണ് ഇന്നലെ ലഭിച്ചത്. ഇതെല്ലാം തന്നെ നെഗറ്റീവായത് ജില്ലയ്ക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

അതേസമയം അയൽ ജില്ലയായ കോട്ടയത്ത് സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് എറണാകുളത്തും നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. ഇതിന്റെ ഭഗമായി ജില്ലാ അതിർത്തികളിൽ പൊലീസ് കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശേഖരിച്ച സാമ്പിളുകളിൽ ഇനി 175 എണ്ണത്തിന്റെ ഫലമാണ് പുറത്തു വരാനുള്ളത്. ഇത് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ഒരു കൊവിഡ് രോഗബാധിതൻ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലായിരുന്ന അഞ്ച് പേർ ഭവനങ്ങളിലേക്ക് മടങ്ങിയപ്പോൾ ഒരാളെ മാത്രമാണ് പുതിയതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ വിവിധയിടങ്ങളിലായി ജില്ലയിൽ 748 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ മാത്രം 48 പേരെ പുതിയതാതി വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച പ്പോൾ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ 33 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. സമൂഹവ്യാപനം അറിയുന്നതിന് പുറമേ ഇന്നലെ ലഭിച്ച 35 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. 62 പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. കൊച്ചി തുറമുഖത്തെത്തിയ രണ്ട് കപ്പലുകളിൽ അധികൃതർ പരിശോധന നടത്തി. 109 ജീവനക്കാരെയും 20 യാത്രക്കാരെയും പരിശോധിച്ചെങ്കിലും ആർക്കും തന്നെ രോഗലക്ഷങ്ങളില്ല.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചരക്ക് ലോറി ഡ്രൈവർമാരുടെയും തൊഴിലാളികളുടെയുമിടയിൽ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ബാഗമായി ജില്ലയിലെ 10 പ്രധാന മാർക്കറ്റുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം, തൃപ്പുണിത്തുറ, ആലുവ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, മരട്, വാഴക്കുളം, എന്നീ മാർക്കറ്റുകളിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയോഗിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന ലോറി ഡ്രൈവർമാരുടെയും മറ്റ് തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിച്ച് കൺട്രോൾ റൂമിലേക്ക് അയക്കും. കൺട്രോൾ റൂമിൽ നിന്ന് ഇവരെ ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങൾ ശേഖരിക്കും. ഇപ്രകാരം, 10 പ്രധാന മാർക്കറ്റുകളിൽ എത്തിയ 80 ചരക്ക് ലോറികളുടെയും വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന പെട്രോളിയം സംഭരണ ശാലകളിൽ എത്തിയ 20 ടാങ്കർ ലോറി ഡ്രൈവർമാരുടെയും വിവരങ്ങൾ സമാനമായി ശേഖരിക്കുന്നുണ്ട്.