covid-

ചെന്നൈ: കൊവിഡ് നഗര ഹൃദയത്തിലടക്കം പിടിമുറുക്കുന്നതോടെ ചെന്നൈ പരിഭ്രാന്തിയിലാണ്. ചൊവ്വാഴ്ച 103 പോസിറ്റീവ് കേസുകളും ബുധനാഴ്ച 94 കേസുകളും നഗരത്തിൽ രേഖപ്പെടുത്തിയതോടെ നിയന്ത്രണ നടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുകയാണ്. എന്നാൽ സമൂഹവ്യാപന സാദ്ധ്യതയെ ആരോഗ്യ വിഭാഗവും സർക്കാരും തള്ളി.

തിരുവികാ നഗർ (34), ടെയാംപേട്ട് (25), അന്ന നഗർ (12) എന്നീ മൂന്ന് മേഖലകളിൽ നിന്നാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏറെയും. പുലിയാൻ‌തോപ്പിൽ ലോക്ക്ഡൗണിനിടയിൽ സംയുക്ത പ്രാർത്ഥന നടത്തിയ 10 കുടുംബങ്ങൾക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇതിനകം, ആ കുടുംബത്തിലെ 15 അംഗങ്ങൾ വൈറസിന് പോസിറ്റീവായതിനെ തുടർന്ന് ഐസൊലേഷനിൽ ചികിത്സയിലാണ്. നോച്ചിക്കുപ്പത്തിൽ പുതുപേട്ടയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന 38 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പി‌.എച്ച്‌.സി അടച്ചുപൂട്ടി. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ ഉദ്യോഗസ്ഥർ കണ്ടെത്തുകയാണ്.

കോയമ്പേട് മാർക്കറ്റിൽ നിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കട നടത്തുന്ന ദമ്പതികൾ ഉൾപ്പെടെ നാലുപേരടങ്ങുന്ന ഒരു കുടുംബം മണ്ടവേലിയിൽ പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കോയമ്പേഡ് മാർക്കറ്റിൽ നിന്ന് വൈറസ് ബാധിച്ചിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.

ചെന്നൈയിൽ 22,000 സാമ്പിളുകൾ എടുത്തിട്ടുണ്ട്, അതിൽ 673 എണ്ണം മാത്രമാണ് പോസിറ്റീവ്. കോയമ്പേഡിൽ നിന്ന് 200 സാമ്പിളുകൾ എടുത്തിട്ടുണ്ട്, അതിൽ ആറെണ്ണം പോസിറ്റീവ് ആണ്. പച്ചക്കറികളുടെ മൊത്ത വില്പന കോയമ്പേഡിൽ നിന്ന് സിറ്റി കോർപ്പറേഷന്റെ 240 സ്ഥലങ്ങളിലേക്ക് മാറ്റും. നഗരത്തിലെ 44 കേസുകളിൽ, രോഗികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സമ്പർക്കപട്ടിക തയ്യാറാക്കി വരികയാണ്.