modi

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ട്വിറ്ററിൽ അൺഫോളോ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് രംഗത്ത് എത്തിയിരിക്കുന്നത്. നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നാണ് അമേരിക്കൻ ഭരണസിരാകേന്ദ്രം പറയുന്നത്.

അമേരിക്കൻ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവക്കാനുമാണിത്. ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ തുടങ്ങിയത്. ഈ ആഴ്ച ആദ്യം ഇവരെയെല്ലാം അൺഫോളോ ചെയ്തു. തുടർന്നാണ് വിഷയം വാർത്തകളിൽ ഇടംപിടിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അൺ ഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചത്. 21 ദശലക്ഷം ഫോളോവേഴ്‌സുള്ള വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും യു.എസിലെ ഇന്ത്യൻ എംബസിയുടേയും ട്വിറ്റർ ഹാൻഡിൽ അൺഫോളോ ചെയ്തത്. ഏപ്രിൽ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.