നമ്മുടെ നാട് അതീവഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ സെക്കന്റിലും നിരവധി മനുഷ്യ ജീവനുകൾ തട്ടിയെടുക്കുന്ന മഹാമാരിയെ സാമൂഹിക സമ്പർക്കത്തിൽ നിന്ന് അകലം പാലിച്ചും ശാരീരിക ശുചിത്വം നിലനിർത്തിയുമാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകൾ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അടിയന്തരമായ ഒരു സാഹചര്യത്തിലാണ് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോകത്തിലെ വികസിത രാജ്യങ്ങൾ പോലും കോവിഡിന് മുന്നിൽ പകച്ചു നിന്നപ്പോൾ കേരളത്തിന് താരതമ്യേന ഭേദപ്പെട്ട നിലയിൽ പിടിച്ച് നിൽക്കാനായത് പതിറ്റാണ്ടുകളായി നമ്മുടെ ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന ജാഗ്രതയുടേയും സൂക്ഷ്മതയുടേയും ഫലമാണ്.

ആരോഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും അർപ്പണ മനോഭാവവും നിർദേശങ്ങൾ പൂർണമായി ഏറ്റെടുത്ത കേരള ജനതയുടെ ഇച്ഛാ ശക്തിയും ഫലപ്രാപ്തിയിൽ നിർണായക പങ്ക് വഹിച്ചു. അടിയന്തര സാഹചര്യത്തിൽ പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗൺ കാരണം ജനങ്ങൾക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. നിരവധി ആളുകളാണ് ആശങ്കകൾ അറിയിച്ചു കൊണ്ട് എന്നെ നിരന്തരം ബന്ധപ്പെട്ടത്. ഈ ഘട്ടത്തിൽ നമ്മൾ വീഴാതിരിക്കാൻ നാം ഉണർന്നിരിക്കണം.

സാമൂഹിക പിന്തുണ

സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം അവർക്ക് സാമൂഹിക പിന്തുണ കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് 19 മായി ബന്ധപ്പെട്ട കളമശേരി നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു ടീം എം.എൽ.എ ഓഫീസിന് കീഴിൽ പ്രവർത്തനമാരംഭിച്ചത്. നിയോജക മണ്ഡലത്തിലെ നിരവധി പേർക്ക് ഇത് കാരണം ഒട്ടനവധി സഹായങ്ങൾ നാളിതുവരെ ചെയ്തു വരുന്നുണ്ട്.

ചേർത്തുപിടിക്കണം പ്രവാസികളെ

നാടിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയത് നമ്മുടെപ്രവാസി സുഹൃത്തുക്കളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവന്ന് സർക്കാർ നിർദേശ പ്രകാരം നിരീക്ഷണങ്ങളിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കളമശേരി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ നിരീക്ഷണത്തിൽ കഴിയുന്ന 1200 ഓളം വരുന്ന സുഹൃത്തുക്കളുമായി സംസാരിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.

അഭിമാനം കളമശേരി മെഡിക്കൽ കോളേജ്

സംസ്ഥാനത്ത് ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് വ്യാപകമായി കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ നമ്മുടെ ആസ്പത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതായി വന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സഹകരണ വകുപ്പിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുത്ത് മെഡിക്കൽ കോളജായി ഉയർത്തിയും ഇന്ന് സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട കൊറോണ കെയർ സെന്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന കളമശേരി മെഡിക്കൽ കോളജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചു.

ദുരിതബാധിതർക്ക് സഹായം

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ദുരിതത്തിലായ മണ്ഡലത്തിലെ ജനങ്ങളെ സഹായിക്കുന്നതിന് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് എറണാകുളം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കളമശേരി പോളിടെക്‌നിക്കിൽ കൊറോണ റിലീഫ് ഓൺലൈൻ ഡെലിവറി സർവീസ് ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങൾക്ക് നിത്യോപയോഗ വസ്തുക്കൾ വീട്ടുപടിക്കൽ മിതമായ വിലയിൽ സൗജന്യമായി എത്തിച്ച് കൊടുക്കാൻ ഇത് മൂലം സാധിക്കുന്നു. സഹജീവികളുടെ സങ്കടങ്ങളെ നമ്മുടെ ബാധ്യതയായി ഏറ്റെടുക്കുമ്പോഴാണ് നിഷ്‌കളങ്കമായ പൊതുപ്രവർത്തനം സാധ്യമാകുന്നത്. കളമശേരി നിയോജക മണ്ഡലത്തിലെ നിർധനരും നിരാലംബരുമായ ജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും വേണ്ടി വിവിധ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകുകയും മേലധികാരികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.

ജീവൻരക്ഷാ മരുന്നുകളുമായി

കളമശേരി നിയോജക മണ്ഡലത്തിൽ നിത്യേന ജീവൻ രക്ഷാ മരുന്നുകൾ കഴിക്കേണ്ട ഒട്ടനവധി രോഗികളുണ്ട്. ലോക് ഡൗണുമായി ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാകേണ്ട നിരവധി രോഗികളായ സഹോദരങ്ങൾ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ജീവൻ രക്ഷാമരുന്നുകൾ കഴിക്കേണ്ട മുഴുവൻ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും ആവശ്യമായ മരുന്നുകൾ എം.എൽ.എ ഓഫീസ് വഴി വിതരണം ചെയ്തു വരുന്നു. മരുന്നുകൾക്കായി വിളിക്കുന്ന ഏതൊരു രോഗിക്കും ആവശ്യാനുസരണം മരുന്നുകൾ വീട്ടിലെത്തിച്ച് നൽകി എം.എൽ.എ ഓഫീസ് മാത്യകാപരമായ പ്രവർത്തനമാണ് നടപ്പിലാക്കുന്നത്.

'വിശപ്പിനാണ് രുചി '

മഹാമാരിയെ അതിജീവിക്കുന്നതോടൊപ്പം മനുഷ്യത്വവും ജ്വലിച്ച് നിൽക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവുകളിൽ കഴിയുന്ന നിസഹായരായ ഒട്ടനവധി പാവങ്ങൾക്ക് വിശപ്പടക്കാൻ എം.എൽ.എ ഓഫീസ് വഴി പൊതിച്ചോറ് വിതരണം ചെയ്തു വരുന്നു. 'വിശപ്പിനാണ് രുചി' എന്ന പേരിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം തെരുവുകളിൽ കഴിയുന്ന നിരവധി പേർക്കാണ് ഭക്ഷണം നൽകുന്നത്. നമുക്ക് ഭക്ഷണം കിട്ടുന്ന കാലം വരെയും നമുക്ക് ചുറ്റുമുള്ളവരും പട്ടിണി അറിയരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തുടർന്നുകൊണ്ടിരിക്കുന്നു. പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. രാജ്യം കോവിഡ് ഭീതിയിൽ കഴിയുമ്പോഴും സ്വന്തമായി സുരക്ഷയൊരുക്കി സമൂഹത്തിലെത്തുന്നവരാണ് പ്രാദേശിക പത്രപ്രവർത്തകർ. അവർക്ക് എത്രയും വേഗം സഹായം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ പി.ആർ.ഡി സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി അറിയിച്ചു.

പ്രവാസികൾക്കായി

നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ പ്രവാസികൾ കോവിഡുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി അറിയാൻ കഴിഞ്ഞു. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. ചെറുകിട കച്ചവടക്കാർക്കൊപ്പം ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ഓൺലൈൻ രംഗത്തെ കുത്തക കമ്പനികൾക്ക് വ്യാപാരത്തിന് അനുമതി നൽകിയത് രാജ്യത്ത് ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാർ അവരുടെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ഈ നിർദേശം കേരളത്തിലെ അടക്കം ചെറുകിട കച്ചവട മേഖലക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും. ഏത് വിഷമഘട്ടത്തിലും നാടിനൊപ്പവും സർക്കാരിനൊപ്പവും നിൽക്കുന്ന കേരളത്തിലെ ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

എം.എൽ.എ ഓഫീസിൽ ഹെൽപ്പ് ഡെസ്ക്

കോവിഡ് 19 മായി ബന്ധപ്പെട്ട് എം.എൽ.എ ഓഫീസിൽ ആരംഭിച്ച ഹെൽപ് ഡെസ്‌ക്കിലേക്ക് വിവിധ ആവശ്യങ്ങളുമായി നിരവധി ആളുകളാണ് ദൈനംദിനം ബന്ധപ്പെടുന്നത്. മുഴുവൻ ആളുകൾക്കും ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു നൽകുന്നതിന് എം.എൽ.എ ഓഫീസിന് കീഴിലുള്ള ഹെൽപ്പ് ഡെസ്‌ക്കിന് കഴിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്നോടൊപ്പം പ്രവർത്തിക്കുന്ന സഹപ്രവർത്തകർക്കും സാമൂഹിക സന്നദ്ധ പ്രവർത്തകർക്കും ഇതിനെ സാമ്പത്തികമായി സഹായിക്കുന്ന സുമനസുകൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ജീവൻ രക്ഷാ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതി ഏപ്രിൽ 23ന് അവസാനിച്ചിരിക്കുകയാണ്. തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് തുടർന്നും സഹായം ലഭ്യമാക്കാൻ 7736437538 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.