കോലഞ്ചേരി: ലോക്ക് ഡൗണിന്റെ മറവിൽ നിർമ്മാണ സാമഗ്രികൾക്ക് വിലക്കയറ്റം. സിമന്റ്, കമ്പി, ചെങ്കല്ല്, മെറ്റൽ, എം സാന്റ്, ജി.ഐ പൈപ്പുകൾ, വയറിംഗ് സാധനങ്ങൾ എന്നിവയ്‌ക്കെല്ലാം വില കൂടി.
#സിമന്റിന് 60 രൂപ കൂടി
പ്രമുഖ ബ്രാൻഡുകളുടെ സിമന്റുകൾക്ക് ഒന്നര മാസം മുമ്പ് ചാക്കിന് ശരാശരി 380 രൂപയായിരുന്നു വില. ഇപ്പോഴത് 440ലെത്തി. എ ഗ്രേഡ് സിമന്റുകളുടെ വില വർദ്ധനവ് മാത്രം കണക്കിലെടുത്താൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ നിർമ്മാണ ചെലവിനത്തിൽ മുപ്പതിനായിരത്തോളം രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും.
# മെറ്റൽ, എം സാന്റ് വിലയിൽ 15 രൂപയോളം കൂടി
മെറ്റൽ അടിയ്ക്ക് 30 രൂപ 42 രൂപയായി വർദ്ധിച്ചു. എം സാന്റിന് അമ്പതിൽ നിന്ന് 65 രൂപയായി. പ്ളാസ്റ്ററിംഗ് സാന്റ് 42 ൽ നിന്ന് 65ലെത്തി. ക്വാറികൾ അടഞ്ഞു കിടക്കുന്നതിനാൽ, അനധികൃത ക്വാറികളാണ് വില കൂട്ടി വാങ്ങുന്നത്. ആർ.എം.സി (രജിസ്റ്റേർഡ് മെറ്റൽ ക്രഷർ യൂണിറ്റ് ) പ്രകാരം പ്രവർത്തിക്കുന്ന ക്വാറികൾക്ക് പ്രവർത്തിക്കുന്നതിന് സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മാർച്ചിൽ പുതുക്കേണ്ട ലൈസൻസുകൾ പുതുക്കാൻ സാധിക്കാത്തതിനാൽ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കുകയാണ്.ഇതിന്റെ മറവിലാണ് അനധികൃത ക്വാറികൾ വില കുത്തനെ കൂട്ടിയതെന്ന് ആൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് പി.കെ പ്രസാദ് പറഞ്ഞു.
#കമ്പി വില 5 രൂപ കൂടി
കമ്പി കിലോ 45 ഉള്ളത് ഇപ്പോൾ 56 രൂപയായി. ജി ഐ പൈപ്പുകൾക്ക്, വയറിംഗ് പൈപ്പുകൾ എന്നിവയുടെ വിലയും ഉയർന്നു. സ്വിച്ചുകൾക്കും 20 ശതമാനത്തോളം വിലവർദ്ധനവുണ്ട്.