ഇസ്ലാമബാദ്: പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 26 പേരാണ്. ആകെ, 343 പേരാണ് പാകിസ്ഥാനിൽ കൊവിഡ് മൂലം മരിച്ചത്. 44 ആളുകളുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
പ്രധാന കേന്ദ്രങ്ങളായ സിന്ധിൽ മാത്രം 5,695ഉം പഞ്ചാബ് പ്രവിശ്യയിൽ 5,827 ആളുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പ്രവാസികൾ തിരികെ എത്തിയാൽ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയാണ് പാകിസ്ഥാനുള്ളത്. അതേസമയം, 400 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ആശുപത്രികളിൽ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. 181ഡോക്ടർ മാർക്കും 55 നഴ്‌സുമാർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മൊത്തം രോഗമുക്തി നേടിയത് 3,425 ആണെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ മരണം റിപ്പോർട്ട് ചെയ്തുവെങ്കിലും പാകിസ്ഥാനിൽ താരതമ്യേന മരണനിരക്ക് കുറവാണെന്നാണ് അഭിപ്രായം. നിലവിൽ 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളിൽ ഇത് ഏഴ് ശതമാനം വരെ എത്തി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തുള്ളവർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കുന്നത്. ജീവൻ നഷ്ടപ്പെടുന്നതിൽ 80ശതമാനവും 50 വയസ്സിന് മുകളിൽ പ്രായമുള്ളയാളുകളാണ്.