മൂവാറ്റുപുഴ: കൊവിഡ് 19 പ്രതിസന്ധി മൂലം കഷ്ടതഅനുഭവിക്കുന്ന വ്യാപാര മേഖലക്ക് പലിശ രഹിത വായ്പയുമായി പേഴക്കാപ്പിള്ളി ജനറൽ മർച്ചന്റ് കോ- ഓപ്പറേറ്റീവ് ബാങ്ക്. ചെറുകിട വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന തിനായി ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി അമൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് എം.കെ ( മറ്റത്തിൽ ഫുട് വേഴ്സ്), നൗഷാദ് ( സ്റ്റുഡന്റ്സ് വേൾഡ്), ഷാനവാസ് ( ക്രസന്റ് ഓയിൽ മിൽസ്), ജലീൽ ഒ.എസ് ( ജന്ന ടൈലേഴ്സ് ) എന്നീ അംഗങ്ങൾക്ക് വായ്പ തുക നൽകി. മൂവാറ്റുപുഴ താലൂക്കിലെ ചെറുകിട വ്യാപാരികൾക്കായി വിവിധ പദ്ധതികൾ ബാങ്ക് നടപ്പിലാക്കി വരുന്നതായി പ്രസിഡന്റ് പി.എ. കബീർ പറഞ്ഞു. ഇതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു.
കുന്നത്തു നാട്ടിലെ ചെറുകിട വ്യാപാരികൾക്ക് രണ്ടാഘട്ട പദ്ധതിയിൽപ്പെടുത്തിയാണ് വായ്പകൾ നൽകുന്നത്. ലോക്ക് ഡൗണിനുശേഷം കടകൾ തുറക്കുന്നതിന് സാമ്പത്തിക പ്രയാസം വ്യാപാരികൾക്ക് ഉണ്ടാകാതിരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ വ്യാപാരികൾ മെയ് 10 ന് മുമ്പ് ബാങ്കിൽ അപേക്ഷ നൽകണം. 25,000 രൂപ വീതമാണ് വായ്പ നൽകുന്നത്. ഒരു കോടി രൂപയുടെ പദ്ധതിയാണ് ബാങ്ക് വ്യാപാരി സമൂഹത്തിനായി നടപ്പാക്കുന്നത്. ചടങ്ങിൽ ഡയറക്ടർ ജോബി ജോസ് ,സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എബ്രാഹാം തൃക്കളത്തൂർ, മോട്ടോർ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ.കെ. ഉമ്മർ, കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി ജോസ് വർഗ്ഗീസ്, ബോർഡ് മെമ്പർമാരായ സുലൈഖ അലിയാർ, അനസ് കൊച്ചുണ്ണി, പി.കെ.ഐസക്ക്, ജീവനക്കാരായ റെഹ്മ ബീവി, ഷീബഷാഫി, വിദ്യ എന്നിവർ പങ്കെടുത്തു.