വൈപ്പിൻ : വൈപ്പിൻകരയുടെ വടക്കേഭാഗത്ത് പള്ളിപ്പുറം കോവിലകത്തുംകടവ് മുതൽ മുനമ്പംഫെറി വരെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. പ്രശ്‌നം രൂക്ഷമാകുമ്പോഴൊക്കെ നാട്ടുകാർ പറവൂർ ജലഅതോറിറ്റി ഓഫീസിലെത്തി സമരം നടത്തും. രണ്ട് ദിവസത്തേക്ക് മറ്റെവിടെക്കേങ്കിലുമുള്ള വെള്ളം ഇങ്ങോട്ട് തിരിച്ചുവിട്ട് പ്രശ്‌നത്തിന് ഉദ്യോഗസ്ഥർ താത്കാലിക പരിഹാരം കാണും. അത് കഴിയുമ്പോൾ വീണ്ടും പഴയപടി തന്നെയാകും.

# വെള്ളമെത്തുന്നത് ചൊവ്വരപമ്പിൽ നിന്ന്

ചൊവ്വര പമ്പിൽ നിന്നുള്ള വെള്ളമാണ് ഒട്ടേറെ സ്ഥലങ്ങൾ പിന്നിട്ട് പള്ളിപ്പുറം, മുനമ്പം ഭാഗത്ത് അവസാനിക്കുന്നത്. ഇവിടെഎത്തുമ്പോഴേക്കും പൈപ്പ് ലൈനിലെ മർദം തീരെക്കുറഞ്ഞ് വെള്ളം നൂൽപ്പരുവത്തിലാകും. പള്ളിപ്പുറം പഞ്ചായത്ത് പ്രദേശത്ത് എവിടെയെങ്കിലും ജലസംഭരണി സ്ഥാപിച്ചാൽ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്ന് പലവട്ടം നിർദേശം ഉണ്ടായെങ്കിലും ഫണ്ടിന്റെ പ്രശ്നം പറഞ്ഞ് മാറ്റിവയ്ക്കുകയാണ്.

പള്ളിപ്പുറം, മുനമ്പം പ്രദേശങ്ങളിലെ ജല വിതരണം പരാതിയില്ലാതെ നടത്തുന്നതിനുള്ള എളുപ്പമാർഗന ബൂസ്റ്റിംഗ് പമ്പ് സ്ഥാപിക്കലാണ്. നായരമ്പലത്ത് ബൂസ്റ്റിംഗ് പമ്പ് സ്ഥാപിച്ചപ്പോഴാണ് അവിടങ്ങളിൽ ജലവിതരണം സുഗമമായത്.

# പമ്പ് സ്ഥാപിക്കാൻ സ്ഥലമുണ്ട്

ചെറായി കരുത്തല ഭാഗത്ത് ബൂസ്റ്റിംഗ് പമ്പ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ജല അതോറിറ്റിക്കുണ്ട്. ഇവിടെ 50 എച്ച്.പിയുടെ ബൂസ്റ്റിംഗ് പമ്പ് സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. ഈ ആവശ്യം ഉന്നയിച്ച് ജലതോറിറ്റിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

കെ.എഫ്. വിൽസൺ,

ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ.