കൊച്ചി: ഇൻഡേൻ സിലിണ്ടറുകളിൽ എൽ.പി.ജി തൂക്കം കുറവാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം പഴയ വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

ഇന്ത്യൻ ഓയിലിന്റെ ഒരു ബോട്ട്‌ലിംഗ് പ്ലാന്റിൽ 2016ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി മലയാളം ചാനലിൽ വന്ന വാർത്തയാണ് പുതിയതെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ഇടപെട്ട് പ്രശ്‌നം അന്ന് പരിഹരിച്ചതാണ്.

ഇത്തരം കാലഹരണപ്പെട്ട വാർത്തകളിൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകരുതെന്ന് ഐ.ഒ.സി അഭ്യർത്ഥിച്ചു. സിലിണ്ടർ കൈമാറ്റം ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വീട്ടിൽവച്ചുതന്നെ ഇലക്ട്രോണിക് സ്‌കെയിലിൽ തൂക്കം ബോദ്ധ്യപ്പെടുത്താറുണ്ട്.

ബോട്ട്‌ലിംഗ് പ്ലാന്റുകളിൽ നിന്ന് സിലിണ്ടർ വിതരണത്തിന് അയക്കുന്നതിന് മുമ്പ് സൂക്ഷ്‌മപരിശോധന നടത്തുന്നുണ്ട്. കൃത്യമായ തൂക്കം, വാൽവ്, ലീക്കേജ് എന്നിവ പരിശോധിച്ച ശേഷമാണ് സിലിണ്ടറുകൾ വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.