വിജയവാഡ: കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ലോക്ക്ഡൗൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആന്ധ്രാ സ്വദേശികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെ രണ്ട് ലക്ഷം പേരുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ അല്ല കാളി കൃഷ്ണ ശ്രീനിവാസ് (നാനി) പറഞ്ഞു. ഇതേ തുടർന്നു സ്വകാര്യ ആശുപത്രികൾ ഔട്ട്‌പേഷ്യന്റ് (ഒ.പി) സേവനങ്ങൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കേന്ദ്രത്തിൽ നിന്ന് മാർഗനിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇടപെടലിലൂടെ ഗുജറാത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. അതുപോലെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാവരെയും തിരികെ കൊണ്ടുവരും. “പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 2 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഒരു പട്ടിക തയ്യാറാക്കും. സമഗ്രമായ പദ്ധതി ശനിയാഴ്ച സർക്കാരുമായി ചർച്ച ചെയ്യും. ഗ്രീൻ സോണുകളിൽ നിന്നു കുടിയേറ്റ തൊഴിലാളികളെ മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതിനാൽ, അതിനുള്ള മാർഗങ്ങൾ സർക്കാർ പരിശോധിക്കും. വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ 45 അപേക്ഷകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.