justice-abdul-rahim

വീഡിയോ കോൺഫറൻസിലൂടെ യാത്ര അയപ്പ്

കൊച്ചി: സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ സംവിധാനത്തിന്റെ ലക്ഷ്യമെന്നും തളരാതെ ഇൗ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയണമെന്നും സർവീസിൽ നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്‌ദുൾ റഹിം അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന നൽകിയ യാത്രഅയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരടക്കമുള്ളവർ നടത്തുന്ന പോരാട്ടങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ നടന്ന ഫുൾകോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, മറ്റു ജഡ്‌ജിമാർ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ യാത്രഅയപ്പ് നൽകിയത്. ചടങ്ങുകൾ ഹൈക്കോടതിയുടെ യൂട്യൂബ് ചാനൽ വഴി ദൃശ്യമായിരുന്നു.

പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശിയായ ജസ്റ്റിസ് അബ്ദുൾ റഹിം 2009ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.