• ഊർജ്ജിതമാക്കണമെന്ന് ഐ.എ.പി
കൊച്ചി: ലോക്ക് ഡൗണിൽ നിലച്ചുപോയ കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പുകൾ പുനരാരംഭിച്ചെങ്കിലും ഊർജിതമാക്കണമെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) മുന്നറിയിപ്പ്. വിട്ടുപോയ കുത്തിവയ്പുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കിൽ അഞ്ചാം പനി, മസ്തിഷ്‌കജ്വരം, ന്യൂമോണിയ, വയറിളക്കം പോലുള്ള പകർച്ച വ്യാധികൾ ശിശുക്കളിൽ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഐ.എ.പി. സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗണിൽ അത്യാവശ്യമല്ലാത്ത കുത്തിവയ്പുകൾ അല്പം വൈകിയാലും കുഴപ്പമില്ലെന്ന് വിദഗ്ദ്ധർ അറിയിച്ചിരുന്നു. തുടർന്ന് കുത്തിവയ്പുകളുടെ എണ്ണത്തിൽ കുറവുണ്ടായി.
ഏപ്രിൽ 25 മുതൽ പ്രത്യേക നിർദ്ദേശങ്ങളോടെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും കുത്തിവയ്പുകൾ പുനരാരംഭിച്ചു. കുത്തിവയ്പിനായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ചിലർ തെറ്റിദ്ധാരണ മൂലം എടുത്തില്ലെങ്കിലും പ്രശ്നമില്ലെന്ന മട്ടിൽ കാര്യങ്ങളെ കാണുന്നത് ഒഴിവായിപ്പോയ പല രോഗങ്ങളുടേയും തിരിച്ചുവരവിന് വഴി തെളിക്കുമെന്നാണ് ഐ.എ.പി നിഗമനം.
ഐ.എ.പിയുടെ മുന്നൊരുക്കം
ശിശുക്കളിലെ പ്രതിരോധ കുത്തിവയ്പുകൾ പുനരാരംഭിക്കാൻ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഐ.എ.പി. യുടെ നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.
പ്രതിരോധകുത്തിവയ്പുകൾ ലഭിക്കാത്ത ശിശുക്കളുടെ മാതാപിതാക്കളെ കണ്ടെത്തി ആരോഗ്യപ്രവർത്തകർ മുഖേന കുത്തിവയ്പ് തിയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറും.
കുത്തിവയ്പു കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പു വരുത്തും.
എല്ലാമറിയിക്കാൻ ആപ്പ്
കുത്തിവയ്പ് വിട്ടുപോയ ശിശുക്കളുടെ വിശദാംശങ്ങൾ ഡോക്ടർമാർക്ക് ലഭ്യമാക്കാൻ ഐ.എ.പി. സംസ്ഥാനഘടകം 'ഇമ്മ്യൂണൈസേഷൻ റിമൈൻഡർ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി. ഇതിലൂടെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുത്തിവയ്പ് സംബന്ധിച്ചു മൂന്നു ദിവസം മുമ്പേ എസ്.എം.എസ്. സന്ദേശം കൈമാറാനാകും.
"മഴക്കാലം ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കേ ഇനിയും അനാസ്ഥ പുലർത്തിയാൽ മസ്തിഷ്‌കജ്വരം, ഡിഫ്തീരിയ, ന്യുമോണിയ, അഞ്ചാം പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യത കൂടുതലാണ്. പ്രതിരോധ കുത്തിവയ്പുകളിലൂടെ തടയാവുന്ന രോഗങ്ങളിൽ നിന്ന് ശിശുക്കൾക്ക് സംരക്ഷണം നൽകാൻ മാതാപിതാക്കൾ ജാഗ്രത കാട്ടണം."
ഡോ. എം. നാരായണൻ
സംസ്ഥാന പ്രസിഡന്റ്
ഐ.എ.പി.