കൊച്ചി: നഗരത്തിലെ എട്ടാം ഡിവിഷനായ പനയപ്പിള്ളി ചുള്ളിക്കൽ പ്രദേശം ഇന്ന് മുതൽ ഹോട്ട്‌സ്‌പോട്ടല്ല. 65ാം ഡിവിഷനായ കലൂർ സൗത്ത് കതൃക്കടവ് മേഖല ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ തുടരും.

ജില്ലയിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ല. ജില്ലയിൽ അവശേഷിക്കുന്ന ഏക കൊവിഡ് രോഗിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായാൽ ജില്ല കൊവിഡ് 19 രോഗമുക്തമാകും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു.

വിവിധ മാർഗങ്ങളിലൂടെ ജില്ലയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതായി മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഇതിനായുള്ള നടപടികൾ പൂർത്തിയാക്കും.

ഇന്ന് നാവികസേനാ ഉദ്യോഗസ്ഥരും തുറമുഖ അധികൃതരും പങ്കെടുക്കുന്ന യോഗം ചേരും..

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർമ്മാണമേഖലയിൽ അസംസ്‌കൃത വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ലോക്ക്ഡൗണിൽ നൽകിയ ഇളവുകൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാണ്. അടുത്തമാസം മൂന്ന് വരെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും മന്ത്രി വ്യക്തമാക്കി.